തിരുവനന്തപുരം: കിഫ്ബിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിന്റെ പരസ്യച്ചിലവ് വിവാദത്തിൽ. 65,000 രൂപ മാത്രം ചിലവായ മത്സരത്തിന്റെ പരസ്യത്തിനായി 2,14,15,296 രൂപ ചിലവഴിച്ചതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. മത്സരച്ചിലവിന്റെ 329 ഇരട്ടിയിലധികമാണ് പരസ്യത്തിനായി ചിലവിട്ടത്. ഓൺലൈൻ ക്വിസിൽ ആകെ എത്ര പേർ പങ്കെടുത്തുവെന്ന കണക്ക് കിഫ്ബിയുടെ പക്കലില്ലെന്ന വിവരാവകാശ മറുപടിയും പുറത്തുവന്നിട്ടുണ്ട്.


ഇതോടെ ചിലവിന്റെ ആനുപാതികതയും മത്സരത്തിന്റെ നടത്തിപ്പും സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ എൻജിനീയറിങ് വിദ്യാർഥികൾക്കായാണ് സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചത്. സിവിൽ എൻജിനീയറിങ് മത്സരപരീക്ഷാ പരിശീലന സ്ഥാപനമായ സിവിലിയൻസ് മുഖേനയായിരുന്നു മത്സരം നടത്തിയത്. 2025 നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കഹൂട്ട് എന്ന ഓൺലൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനായി ആകെ ചിലവഴിച്ചത് 65,000 രൂപയാണ്. ഇതിൽ 45,000 രൂപ വിജയികൾക്കുള്ള ക്യാഷ് അവാർഡിനും 20,000 രൂപ മത്സരം സംഘടിപ്പിച്ച ഏജൻസിക്കുമാണ് നൽകിയതെന്നാണ് ലഭ്യമായ കണക്കുകൾ.


എന്നാൽ മത്സരത്തിന്റെ പരസ്യപ്രചാരണത്തിനായി 2.14 കോടി രൂപയിലധികം ചിലവഴിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇത്രയും വലിയ തുക ചിലവഴിച്ചിട്ടും മത്സരത്തിൽ പങ്കെടുത്തവരുടെ എണ്ണം സംബന്ധിച്ച കണക്ക് ലഭ്യമല്ലെന്ന വിവരാവകാശ മറുപടിയും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ക്വിസ് മത്സരത്തിന്റെ നടത്തിപ്പിനും പരസ്യപ്രചാരണത്തിനും ചിലവഴിച്ച തുകകൾ തമ്മിലുള്ള വലിയ അന്തരവും പങ്കാളിത്തത്തിന്റെ കണക്കുകൾ ലഭ്യമല്ലാത്തതും കിഫ്ബിയുടെ ചിലവിടൽ രീതിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.