
12 കോടി രൂപ പാലക്കാട് വിറ്റ JC 234427 എന്ന ടിക്കറ്റിന് ലഭിച്ചതോടെ, ഭാഗ്യവാൻ്റെ അക്കൗണ്ടിലേക്ക് യഥാർത്ഥത്തിൽ എത്ര രൂപ എത്തുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. 12 കോടി രൂപയാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഏജൻ്റ് കമ്മീഷനും ആദായനികുതിയും (TDS) കുറച്ചതിന് ശേഷമുള്ള തുകയാണ് വിജയിക്ക് ലഭിക്കുക. കേരള ലോട്ടറി നിയമപ്രകാരം ആകെ സമ്മാനത്തുകയുടെ 10 ശതമാനമാണ് ടിക്കറ്റ് വിറ്റ ഏജൻ്റിനുള്ള കമ്മീഷൻ. ഇതനുസരിച്ച് 12 കോടി രൂപയിൽ നിന്ന് 1.20 കോടി രൂപ ഏജന്റ് കമ്മീഷനായി ലോട്ടറി വകുപ്പ് ആദ്യം തന്നെ കുറയ്ക്കും. ഇതിന് ശേഷം ബാക്കിയുള്ള 10.80 കോടി രൂപയ്ക്കാണ് ആദായനികുതി (TDS) കണക്കാക്കുന്നത്.
ഇന്ത്യൻ ആദായനികുതി നിയമപ്രകാരം ലോട്ടറി സമ്മാനത്തുകയ്ക്ക് 30 ശതമാനമാണ് ടിഡിഎസ് ഈടാക്കുന്നത്. അതായത്, 10.80 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപ നികുതിയിനത്തിൽ കേന്ദ്ര സർക്കാരിലേക്ക് പോകും. ഏജന്റ് കമ്മീഷനായ 1.20 കോടി രൂപയും നികുതിയായ 3.24 കോടി രൂപയും കുറച്ചുകഴിഞ്ഞാൽ, ഭാഗ്യവാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലോട്ടറി വകുപ്പ് നേരിട്ട് കൈമാറുന്നത് 7.56 കോടി രൂപയാണ്. എന്നാൽ ഇതോടെ നികുതി ബാധ്യത പൂർണമായും അവസാനിക്കുന്നില്ല. 7.56 കോടി രൂപ അക്കൗണ്ടിൽ എത്തിയതിന് ശേഷം, വാർഷിക ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ വരുമാനത്തിന്മേലുള്ള സർചാർജും സെസ്സും വിജയി പ്രത്യേകം അടയ്ക്കേണ്ടി വരും. നിക്ഷേപ പലിശയും മറ്റ് വരുമാനങ്ങളും കൂടി കണക്കാക്കിയാണ് ഇത് നിശ്ചയിക്കുന്നത്.
നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ അസ്സൽ ടിക്കറ്റും ആവശ്യമായ രേഖകളും ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കിയാൽ സമ്മാനത്തുക കൈപ്പറ്റാം. ടിക്കറ്റിൻ്റെ പിറകിൽ വിജയിയുടെ പേരും വിലാസവും ഒപ്പും വ്യക്തമായി രേഖപ്പെടുത്തണം. കൂടാതെ പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിൻ്റെ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകൾ എന്നിവയും സമർപ്പിക്കേണ്ടതുണ്ട്