ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ… ടോമിൻ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ….



കൊച്ചി: വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗുരുതര രോഗമുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. അങ്ങനെയെങ്കിൽ ഈ രോഗാവസ്ഥയിൽ എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കോടതിയിൽ കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള തച്ചങ്കരിയുടെ ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ ദിവസവും ഹർജിയിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അസുഖമെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞയാൾക്ക് എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാനാകുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ‘ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം’ എന്ന പരാമർശത്തോടൊപ്പം കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചിരുന്നു. 2003 മുതൽ 2007 വരെ ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ടോമിൻ ജെ തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 17ന് വിധിച്ച ശിക്ഷ നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമായിരുന്നു. തുടർന്ന് ഒക്ടോബർ 15ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചു. കേസിലെ അപ്പീൽ തീർപ്പാകുന്നതുവരെ കോട്ടയം വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഇടക്കാല ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോകണമെന്ന് ചൂണ്ടിക്കാട്ടി തച്ചങ്കരി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്

Previous Post Next Post