സമൂഹമാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ… ഐടി നിയമത്തിൽ കർശന ഭേദഗതിക്ക് നീക്കം



ഡൽഹി: സമൂഹമാധ്യമങ്ങളുടെ നിയമപരിരക്ഷ എടുത്തുകളയാനും കമ്പനികളെ കൂടുതൽ ഉത്തരവാദികളാക്കാനും കേന്ദ്രസർക്കാർ നീക്കം. ഐ.ടി. ആക്ടിലെ 79-ാം വകുപ്പിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാനാണ് ആലോചന. വിവാദപരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കങ്ങളുടെ പേരിൽ കമ്പനികൾക്കെതിരെ നേരിട്ട് കേസെടുക്കാവുന്ന തരത്തിലുള്ള നിയമഭേദഗതികളാണ് പരിഗണനയിലുള്ളത്. എക്‌സ് (ട്വിറ്റർ), യൂട്യൂബ്, മെറ്റ (ഫേസ്‌ബുക്ക്/ഇൻസ്റ്റാഗ്രാം) തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാരെ ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കം.

ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് കമ്പനികൾക്ക് ഇതുവരെയുണ്ടായിരുന്ന നിയമപരിരക്ഷ (Safe Harbour Protection) ഒഴിവാക്കിയേക്കും. വിവാദ പോസ്റ്റുകളുടെ പേരിൽ ഇനി കേന്ദ്രസർക്കാരിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നേരിട്ട് കേസെടുക്കാൻ സാധിക്കും. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ വെറും വിവരങ്ങൾ കൈമാറുന്നവർ (Content Carriers) മാത്രമലെന്നും, അൽഗോരിതം വഴി ഉള്ളടക്കം നിയന്ത്രിക്കുന്നതിലും പങ്കുവെക്കുന്നതിലും അവർക്ക് സജീവ പങ്കുണ്ടെന്നും കേന്ദ്രം വിലയിരുത്തുന്നു. ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കം സജീവമായി തീരുമാനിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് പകരം, വിവരങ്ങൾ കൈമാറുകയോ എത്തിക്കുകയോ മാത്രം ചെയ്യുന്ന ഇന്റർനെറ്റ് സേവന ദാതാക്കൾ (ISPs), ടെലികോം സേവന ദാതാക്കൾ (TSPs), പിയർ-ടു-പിയർ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് മാത്രമായി ഈ സംരക്ഷണം പരിമിതപ്പെടുത്താൻ ആലോചനയുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാരും സമൂഹമാധ്യമ കമ്പനികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായി തുടരുകയാണ്. ഇതിനിടെ, വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഫേസ്‌ബുക്ക് ഇന്ത്യയിൽ താൽക്കാലികമായി തടഞ്ഞുവെച്ച സംഭവം വലിയ വിവാദമായിരുന്നു. തുടർന്ന് ജൂലൈ മാസത്തിൽ ഐ.ടി. മന്ത്രാലയം മെറ്റയുടെ ആഗോള നയ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. നിലവിൽ കേന്ദ്രം നോട്ടീസ് നൽകുന്നതനുസരിച്ച് സമൂഹമാധ്യമ പോസ്റ്റുകൾ പിൻവലിക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ പുതിയ ഭേദഗതി വരുന്നതോടെ വ്യാജപ്രചാരണങ്ങൾ, വിദ്വേഷ പ്രചാരണങ്ങൾ, നിയമവിരുദ്ധ ഉള്ളടക്കങ്ങൾ എന്നിവയുടെ പേരിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് വലിയ ബാധ്യതകളും നിയമനടപടികളും നേരിടേണ്ടി വരും

Previous Post Next Post