കെപിസിസിക്ക് പുതിയ അധ്യക്ഷൻ… അന്തിമ പട്ടികയിൽ…



തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന. അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ഈ ആഴ്ചയോടെ സജീവമാകും. കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനില്ലാത്തത് സംഘടനാ പ്രവർത്തനങ്ങളെ ബാധിച്ചെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡിന്റെ നീക്കം. എ.പി. അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ട്. ബെന്നി ബെഹനാനും കൊടിക്കുന്നിൽ സുരേഷിനും വേണ്ടി നേതാക്കളുടെ പിന്തുണ ശക്തമാണ്.

ഷാഫി പറമ്പിലിനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ അധ്യക്ഷ പദവിക്കായി എ.പി. അനിൽകുമാറും രംഗത്തുണ്ട്. കെപിസിസി അധ്യക്ഷനെ നിയമിച്ചതിന് പിന്നാലെ ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിലും പുനഃസംഘടനയുണ്ടാകും. ജില്ലാ അധ്യക്ഷന്മാരെ കണ്ടെത്താൻ നേതാക്കളുടെ അഭിപ്രായം തേടും. കേരളവും അസമും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ അഭിപ്രായ സർവേ നടത്തിയ ശേഷമാണ് ജില്ലാ അധ്യക്ഷന്മാരെ നിയമിച്ചതെന്നും റിപ്പോർട്ടുണ്ട്. സംഘടനാ പ്രവർത്തനം ഉടൻ പുനഃസംഘടിപ്പിക്കണമെന്നാണ് ദീപാ ദാസ് മുൻഷിയുടെ റിപ്പോർട്ടിലെ നിർദേശം. പല ജില്ലകളിലും സംഘടനാ പ്രവർത്തനം നിശ്ചലമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കെപിസിസി പ്രസിഡന്റ് ഇല്ലാത്തത് കോൺഗ്രസ് പ്രവർത്തനങ്ങളെ സ്തംഭനാവസ്ഥയിലാക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സർക്കാർ അധികാരത്തിലെത്തി അഞ്ചുമാസമായിട്ടും പാർട്ടി അനിശ്ചിതാവസ്ഥയിലാണെന്നും പുതിയ അധ്യക്ഷനില്ലാത്തതിനാൽ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകൾ യഥാസമയം വ്യക്തമാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു

Previous Post Next Post