കെഎസ്ആർടിസി ബസുകൾ ഭക്ഷണം കഴിക്കാൻ, കെടിഡിസി ഹോട്ടലുകളിൽ നിർത്തും


 തിരു.: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ, ഭക്ഷണം കഴിക്കുന്നതിനായി സ്വകാര്യ ഹോട്ടലുകൾക്ക് മുൻപിൽ നിർത്തുന്നതിന് വിലക്കേർപ്പെടുത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.
      സ്വകാര്യ ഹോട്ടലുകൾക്ക് പകരം കെ ടി ഡി സി യുടെ കീഴിലുള്ള ആരാമം ഹോട്ടലുകൾക്ക് മുൻപിൽ നിർത്തി, യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു. ഇത് പാലിക്കാത്ത ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും. കൂടാതെ ഉത്തരവിന്റെ പകർപ്പ് എല്ലാ ഡിപ്പോകളിലും യാത്രക്കാർക്ക് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള എല്ലാ സർവീസുകൾക്കും ഇത് ബാധകമാണ്.
     ദീർഘദൂര സർവീസുകൾ ഭക്ഷണത്തിനായി സ്വകാര്യ ഹോട്ടലുകൾക്കു മുൻപിൽ നിർത്തുന്നതിനെതിരെ നേരത്തെ തന്നെ യാത്രക്കാരിൽ നിന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. നിലവാരമില്ലാത്ത ഭക്ഷണം സ്വകാര്യ ഹോട്ടലുകളിൽ നിന്ന് വിതരണം ചെയ്യുന്നുവെന്നായിരുന്നു പ്രധാന പരാതി. സ്വകാര്യ ഹോട്ടലുകൾ അമിത പണം ഈടാക്കുന്നതായും പരാതി ഉണ്ടായിരുന്നു. എന്നാൽ സാധാരണ ജീവനക്കാർക്ക് താല്പര്യമുള്ള ഏതെങ്കിലും ഹോട്ടലുകൾക്ക് മുൻപിൽ ബസ് നിർത്തുന്നത്, ജീവനക്കാർക്ക് ചില സൗജന്യങ്ങളും മറ്റും ലഭിക്കുന്നതിനാണെന്നും പരാതിയുണ്ടായിരുന്നു. ഇതിനെച്ചൊല്ലി പലപ്പോഴും ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. പരാതി കൂടിയതിനാലാണ് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിനായി പുതിയ തീരുമാനം.

Previous Post Next Post