കോട്ടയം : യുഡിഎഫിനെ വഞ്ചിച്ചു കൊണ്ട് എൽഡിഎഫിലേക്കു ചേക്കേറിയ കേരള കോൺഗ്രസ്സ് ജോസ് വിഭാഗം, യുഡിഎഫിനെ സംബന്ധിച്ചു വെറും കരിയിലകൾ മാത്രമാണെന്ന് കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളിയിൽ കോൺഗ്രസ്സ് പ്രവർത്ത കൺവെൻഷൻ ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ മുന്നണി മാറ്റം തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ വിജയ സധ്യതകളെ ഒരുതരത്തിലും ബാധിക്കില്ലെന്നും, ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാറ്റം ഇതിന് വേണ്ടി ഉണ്ടാക്കിയ ഒരു കാരണം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ജോസ് കെ മാണി മുന്നണി വിട്ടത് ഒരു തരത്തിലും ബാധിക്കില്ലെന്നും സാധാരണക്കാരായ പ്രവർത്തകർ ജോസിന്റെ കാലുവാരൽ രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്നും, സ്വന്തം തട്ടകമായ പാലായില്‍ പോലും ജോസ് കെ മാണിക്ക് തിരിച്ചടി കിട്ടുമെന്നും, രാഷ്ട്രീയ വഞ്ചകനായ ജോസ് കെ മാണിയെ ഒപ്പം ചേർത്ത് നേട്ടമുണ്ടാക്കാമെന്നുള്ള എൽഡിഎഫിൻ്റെ സ്വപ്നം മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണെന്നും, ജോസിനൊപ്പമുള്ള കൂടുതല്‍ നേതാക്കള്‍ യുഡിഎഫിലേക്കു വരുമെന്നും നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു.
കെഎം മാണിയെ അപമാനിക്കുകയും കുരിശിലേറ്റുകയും ചെയ്ത എൽഡിഎഫിന്റെ തിണ്ണ നിരങ്ങാൻ പോയ ജോസ് കെ മാണി കേരള രാഷ്ട്രീയത്തിലും യുഡിഎഫിനെ സംബന്ധിച്ചും വെറും കരിയിലകൾ മാത്രമാണ്.
പ്രസിഡന്റ് ജോബ് കെ. വെട്ടത്തിൻ്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ.ഷെമീർ, റോണി കെ ബേബി, പ്രകാശ് പുളിക്കൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ ഒ.എം ഷാജി,പി. ജീരാജ് ,ജി.സുനിൽകുമാർ, സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്.രാജൻ, സുനിൽ തേനംമ്മാക്കൽ,ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ആഗസ്തി, ഗ്രാമപഞ്ചായത്തംഗം ജാൻസി ജോർജ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനി ജിബു എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ നായിഫ് ഫൈസി, നിബു ഷൗക്കത്ത്, എം.കെ ഷെമീർ, മണ്ഡലം പ്രസിഡൻ്റ് അഫ്സൽ കളരിക്കൽ, റസിലി തേനംമാക്കൽ എന്നിവർ പ്രസംഗിച്ചു.