ഇന്ന് ദീപാവലി. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിൽ തന്നെയാണ് ആഘോഷം. ദീപക്കാഴ്ചകളും പ്രത്യേക പൂജകളും വീടുകളിലേക്ക് ചുരുക്കി. നിയന്ത്രണങ്ങൾ കണക്കിലെടുത്ത് നിറപ്പൊലിമയേകുന്ന പടക്കങ്ങൾ ഒഴിവാക്കിയാണ് ആഘോഷം. ഉത്സവാന്തരീക്ഷത്തിൽ നിറയുന്ന മട്ടാഞ്ചേരി ഉത്തരേന്ത്യൻ തെരുവുകളിലെ ദീപകാഴ്ചകൾ ഇത്തവണ വീടുകളിൽ മാത്രം. ദർഗകളിലും ക്ഷേത്രങ്ങളിലും നിയന്ത്രണം. എങ്കിലും രംഗോലിയും പേടയും ലഡുവുമൊക്കെയായി വീടുകളിൽ ദീപോത്സവത്തിന് കുറവില്ല.
റെഡിമെയ്ഡ് സ്വീറ്റ് ബോക്സുകളാണ് പല വീടുകളിലും ഇടംപിടിച്ചിരിക്കുന്നത്. വർഷങ്ങളായി മട്ടാഞ്ചേരിയിൽ കഴിയുന്ന ഉത്തരേന്ത്യൻ കുടുംബങ്ങൾക്ക് ദീപാവലി ഒത്തുകൂടലിന്റെ ദിനം കൂടിയാണ്. കൊവിഡ് വ്യാപനം കാരണം കൂടുതൽ കുടുംബങ്ങളിലും അധികം ഒത്തുചേരലുകളില്ല. ഹരിത ട്രൈബ്യുണലിന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് മണിക്കൂർ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുവാദം. ഇത്തവണത്തെ ദീപോത്സവം കൊവിഡ് മഹാമാരിക്ക് എതിരായ പുതുവെളിച്ചത്തിന്റെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും
പ്രധാനമന്ത്രിയുടെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പമാണ്.. കഴിഞ്ഞ ആറ് വര്‍ഷമായി അതിര്‍ത്തി കാക്കുന്ന ധീരന്മാര്‍ക്കൊപ്പമാണ് ദീപാവലി ദിനം പ്രധാനമന്ത്രി ചെലവഴിക്കുന്നത്. മധുരം വിതരണം ചെയ്തും, സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്നുമാണ് മോദി മടങ്ങുന്നത്. ഇത്തവണ ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി ഒരു ദീപം എല്ലാവരും തെളിക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.