ശമ്പളമില്ലാത്ത അവധി അഞ്ചുവർഷമാക്കി കുറച്ചു; ജോലിയില്ലാ തസ്തികകൾ പുനർവിന്യസിക്കുന്നു





തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായതിനാൽ കേരളസർക്കാർ ചെലവുചുരുക്കുന്നു. വിദഗ്ധസമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതിച്ചെലവ് ചുരുക്കുന്നതുമുതൽ ഓഫീസുകളിലെ പാഴ്വസ്തുക്കൾ ലേലംചെയ്യുന്നതുവരെയുള്ള നടപടികളുണ്ടാവും. തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നും നിർദേശമുണ്ട്.

ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വർഷത്തിൽനിന്ന് അഞ്ചായി വെട്ടിക്കുറച്ചു. അഞ്ചുവർഷത്തിനുശേഷവും ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കും. നിലവിൽ അവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധകമല്ല.

അവസാനിപ്പിച്ച കേന്ദ്രാവിഷ്കൃത പദ്ധതികളിൽ തുടരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ഉടൻ മറ്റുവകുപ്പുകളിലേക്ക് മാറ്റണം. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകൾക്ക് ഉൾപ്പെടെ ട്രഷറിയിൽനിന്ന് പണം ലഭിക്കില്ല. നവംബർ ഒന്നുമുതൽ ബില്ലുകൾ ബാങ്കുകൾവഴി ബിൽ ഡിസ്കൗണ്ട് രീതിയിലേ ലഭിക്കൂ. പലിശയുടെ ഒരു പങ്ക് കരാറുകാർ വഹിക്കണം.

സർക്കാർ കെട്ടിടങ്ങൾ മോടിപിടിപ്പിക്കുന്നതും പുതിയ ഫർണിച്ചറും വാഹനങ്ങളും വാങ്ങുന്നതും ഒരുവർഷത്തേക്ക് തടഞ്ഞു. ഔദ്യോഗികചർച്ചകളും യോഗങ്ങളും പരിശീലനങ്ങളുമെല്ലാം കഴിയുന്നതും ഓൺലൈനിലൂടെ മതി. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പുള്ള എല്ലാ സാധനങ്ങളും മൂന്നുമാസത്തിനുള്ളിൽ ഓൺലൈൻ ലേലത്തിൽ വിൽക്കണം. വാർഷികപദ്ധതിപ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ അതും വെട്ടിക്കുറയ്ക്കും.

ഈ സാമ്പത്തികവർഷം ശേഷിക്കുന്ന മാസങ്ങളിൽ ചെലവുകുറയ്ക്കുന്നതിന് പ്രായോഗികനിർദേശങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകും. നിർദേശങ്ങൾ ആസൂത്രണബോർഡുവഴിയും ധനവകുപ്പിന് നേരിട്ടും നൽകാം. നടപ്പാക്കുന്ന നിർദേശങ്ങൾ നൽകുന്നവർക്കാണ് സമ്മാനം.

എയ്ഡഡ് സ്കൂൾ-കോളേജ് നിയമനങ്ങൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തും. ചെലവുചുരുക്കൽ നിർദേശങ്ങളുടെ ഭാഗമാണിത്. മാനേജ്മെന്റുകൾ എതിർത്ത തീരുമാനങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇതിനായി നിയമത്തിലും ചട്ടത്തിലും ഒരുമാസത്തിനകം മാറ്റംവരുത്താൻ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദേശം നൽകി.

Previous Post Next Post