മഹാദേവന്റെ ശിരസ്സിലേക്ക് ഒഴുകി ഇറങ്ങുന്ന ആർത്തവരക്തം; സുവർണ്ണ കേരളം ലോട്ടറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു




സംസ്ഥാന സർക്കാരിന്റെ സുവർണകേരളം ലോട്ടറി ടിക്കറ്റിലെ ചിത്രം വിവാദമാകുന്നു. ശിവലിം​ഗവും മുഖവും ഉൾപ്പെടെയുള്ള ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ശിവന്റെ തലയിലേക്ക് ആർത്തവ രക്തം ഒഴുകിയിറങ്ങുന്നതാണ് ലോട്ടറിയിൽ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് പിൻവലിച്ച് പിണറായി സർക്കാർ ഹിന്ദുമത വിശ്വാസികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറിയും ദേശീയ വനിതാ കമ്മീഷൻ അഡ്വൈസറി ബോർഡ് അം​ഗവുമായ അഡ്വ. അഞ്ജന ദേവി രം​ഗത്തെത്തി.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദുവിനെയും അവൻ്റെ വിശ്വാസങ്ങളെയും അപമാനിക്കുമ്പോൾ മതേതരത്വം പൂത്തുലയുമെന്നാണ് അഞ്ജന ദേവി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നത്. സുവർണ്ണ കേരളം എന്ന പേരിൽ കേരള സർക്കാർ ഇറക്കിയ ലോട്ടറിയിൽ മഹാദേവന്റെ ശിരസ്സിലേക്ക് ഒഴുകി ഇറങ്ങുന്ന ആർത്തവരക്തമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ലളിതകലാ അക്കാദമിയിലെ ചിത്രകാരന്മാർ തയ്യാറാക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ലോട്ടറി ടിക്കറ്റുകളിൽ ഉപയോഗിക്കുന്നത്. ഓരോ ചിത്രവും അച്ചടിക്കുന്നതിന് മുൻപ് വകുപ്പിലെ ഉദ്യോഗസ്ഥർ സൂക്ഷ്മപരിശോധന നടത്തി അംഗീകാരം നൽകേണ്ടതുണ്ട്. എന്നാൽ ഇത്തരമൊരു ചിത്രം ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ പോയത് ബോധപൂർവമാണെന്നും, സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും വകുപ്പിനുള്ളിൽ തന്നെ സംസാരമുണ്ട്.

മുമ്പ് 'ആർപ്പോ ആർത്തവ' സമരകാലത്ത് ഉയർന്നുവന്ന വിവാദ കവാടത്തിന്റെ മാതൃകയുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നും ആരോപണമുണ്ട്. 12 പരമ്പരകളിലായി പുറത്തിറങ്ങിയ ഈ ലോട്ടറിയുടെ പതിനായിരക്കണക്കിന് ടിക്കറ്റുകൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് വഴിമാറാനാണ് സാധ്യത.

Previous Post Next Post