തദ്ദേശതെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകള്‍ പാമ്പാടിയിൽ പ്രശ്നബാധിത ബൂത്തുകൾ ഇല്ല



തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ളത് 1850 പ്രശ്നബാധിത ബൂത്തുകള്‍. ഈ സ്ഥലങ്ങളില്‍ വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കാനും കമ്മീഷന്‍ തീരുമാനമെടുത്തു.

പ്രശ്ന ബാധിത ബൂത്തുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടികള്‍ തീരുമാനിച്ചത്. 1850 പ്രശ്ന ബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പ്രശ്ന ബാധിത ബൂത്തുകള്‍ ഉള്ളത്. 785 ബൂത്തുകളാണ് കണ്ണൂരില്‍ പ്രശ്നബാധിതമായി കണ്ടെത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. അഞ്ച് ബൂത്തുകള്‍ മാത്രമാണ് പ്രശ്നബാധിതമായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്തും.

സ്ഥാനാര്‍ത്ഥികള്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി.

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും സൂക്ഷിച്ചിരിക്കുന്ന പോളിംഗ് സാമഗ്രികള്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മഴയ്ക്ക് ശേഷം പോളിംഗ് സ്റ്റേഷനുകളുടെ സ്ഥിതി പരിശോധിക്കാനും കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും. വോട്ട് ചെയ്യുന്നയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ശാരീരിക അവശതയുള്ളവര്‍ക്ക് ക്യൂ നില്‍ക്കാതെ പോളിംങ് ബൂത്തില്‍ പ്രവേശിക്കാനുള്ള അനുമതിയും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.
Previous Post Next Post