ഹോം സ്റ്റേ ഉടമയെ കുത്തിക്കൊന്ന ബിജെപി പ്രവർത്തകൻ പിടിയിൽ

കുണ്ടറ: വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്റ്റേ ഉടമ മണിലാല്‍ (ലാല്‍-53) ആണ് മരിച്ചത്    . കേസിലെ പ്രതിയായ ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച പട്ടംതുരുത്ത് തൂപ്പാശ്ശേരില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി എട്ടരയോടെ മണ്‍റോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് സംഭവം.

ബിജെപി പ്രവര്‍ത്തകനായ അശോകന്‍, സിപിഎം പ്രവര്‍ത്തകമായ മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം.

പോലീസ് പറയുന്നത്: അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരുമാണ്. തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം സമാപിച്ചശേഷം കനറാബാങ്ക് കവലയിൽ നാട്ടുകാർ കൂടിനിന്ന് രാഷ്ട്രീയചർച്ച നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ മദ്യലഹരിയിൽ അശോകൻ അസഭ്യവർഷം നടത്തി. ഇതുകേട്ടുകൊണ്ടുവന്ന മണിലാൽ അശോകനോട് കയർത്തു. വീണ്ടും അസഭ്യവർഷം തുടർന്നപ്പോൾ അശോകനെ മണിലാൽ അടിച്ചു. അവിടെനിന്ന്‌ നടന്നുപോയ മണിലാലിനെ പിന്നിൽനിന്നെത്തി അശോകൻ കുത്തുകയായിരുന്നു.

രക്തത്തിൽ കുളിച്ച് ചലനമറ്റുകിടന്ന മണിലാലിനെ അതുവഴിവന്ന കാറിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒളിവിൽപോയ പ്രതിയെ രാത്രിവൈകി കിഴക്കേ കല്ലട പോലീസ് പിടികൂടി. അടുത്തിടെയാണ്‌ ഡൽഹി പോലീസിൽനിന്ന്‌ വിരമിച്ച അശോകൻ നാട്ടിലെത്തിയത്‌.
Previous Post Next Post