മലബാറില്‍ നിന്നുള്ള അഞ്ച് സ്വതന്ത്ര എം.എല്‍.എമാരെ സി പി എം ഇത്തവണയും മത്സര രംഗത്തിറക്കും




കോഴിക്കോട്: മലബാറില്‍ നിന്നുള്ള അഞ്ച് സ്വതന്ത്ര എംഎല്‍എമാരെ ഇത്തവണയും മത്സര രംഗത്തിറക്കാൻ സിപിഎം. കഴിഞ്ഞ തവണ തിരൂരങ്ങാടിയില്‍ പരാജയപ്പെട്ട നിയാസ് പുളിക്കലകത്തിനും സീറ്റുണ്ടാവും. താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറാനാണ് സാധ്യത. തോല്‍ക്കാന്‍ സാധ്യത കൂടുതലുള്ള സ്ഥലത്ത് സ്വതന്ത്രരെ ഇറക്കി വിജയിക്കുകയെന്ന തന്ത്രം ഇത്തവണയും തുടരാനാണ് സിപിഎം തീരുമാനം. മത്സരിക്കണമെന്ന നിര്‍ദ്ദേശം അതാത് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി ഇതിനകം നല്‍കിയിട്ടുണ്ട്. തവനൂരില്‍ മന്ത്രി കെ. ടി. ജലീലിനെയും നിലമ്പൂരില്‍ പി. വി. അന്‍വറിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കും. താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാന് തിരൂരിലേക്ക് മാറണമെന്ന ആഗ്രഹം സിപിഎം നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി അത് അംഗീകരിക്കാനാണ് സാധ്യത. കുന്ദമംഗലത്ത് പി. ടി. എ. റഹീമും കൊടുവള്ളിയില്‍ കാരാട്ട് റസാക്കും തന്നെ മത്സരിക്കുമെന്ന കാര്യം വ്യക്തമായിട്ടുണ്ട്.
      തിരൂരങ്ങാടിയില്‍ പി. കെ. അബ്ദുറബ്ബിനോട് പരാജയപ്പെട്ട നിയാസ് പുളിക്കലകത്തിന് സീറ്റുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അബ്ദുറബ്ബിന് ലീഗ് സീറ്റ് നല്‍കിയില്ലെങ്കില്‍ നഹാ കുടുംബത്തില്‍പെട്ട ഒരാളെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തുന്നുണ്ട്. അത് വിജയിച്ചാല്‍ തിരൂരിലേക്ക് മാറുന്ന വി. അബ്ദുറഹ്മാന് പകരം നിയാസ് പുളിക്കലകത്തിനെ താനൂരിലേക്ക് മത്സരിപ്പിക്കാമെന്ന കണക്ക് കൂട്ടലിലാണ് എല്‍ഡിഎഫ്. പി. ടി. എ. റഹീമിനെ എല്‍ഡിഎഫ് സ്വതന്ത്രനായി തന്നെ മത്സരിപ്പിക്കണോ, ഐഎന്‍എല്‍ ടിക്കറ്റില്‍ ഇറക്കണോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നുണ്ട്.

أحدث أقدم