ന്യൂഡല്ഹി: പുതിയ പാര്ലമെന്റ് മന്ദിരം ഉൾപ്പെടുന്ന 'സെന്ട്രൽ വിസ്ത' പദ്ധതിയുമായി കേന്ദ്ര സര്ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. കടലാസ് ജോലികളുമായി മുന്നോട്ടുപോകാന് ഭൂരിപക്ഷ വിധിയിൽ കോടതി അംഗീകാരം നല്കി.
പദ്ധതിക്കെതിരായ ഹർജികളിൽ ജസ്റ്റിസ് എ.എം. ഖാന്വില്കര് അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്.
പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങ് നടത്താൻ സുപ്രീംകോടതി നേരത്തേ അനുമതി നല്കിയിരുന്നു. ഡിസംബർ പത്തിന് പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
മറ്റു നിര്മാണപ്രവര്ത്തനങ്ങൾ നടത്തില്ലെന്ന കേന്ദ്ര സര്ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ശിലാസ്ഥാപനത്തിന് കോടതി അനുമതി നല്കിയത്. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്കാൻ മന്ത്രാലയത്തിനുകീഴിലുള്ള വിദഗ്ധസമിതി അടുത്തിടെ ശുപാര്ശ ചെയ്തിരുന്നു.
രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെ നീളുന്ന മൂന്നുകിലോമീറ്റര് രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റം ലക്ഷ്യംവെക്കുന്ന കേന്ദ്ര സര്ക്കാരിന്റെ അഭിമാനപദ്ധതിക്കെതിരായ ഹര്ജികള് നവംബര് അഞ്ചിനാണ് സുപ്രീംകോടതി വിധിപറയാന് മാറ്റിയത്.
ഇപ്പോഴത്തെ പാര്ലമെന്റ് കെട്ടിടത്തിന് സൗകര്യവും സുരക്ഷയും സാങ്കേതികസംവിധാനങ്ങളും കുറവായതിനാല് പുതിയത് നിര്മിച്ചേ പറ്റൂവെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാന്ത്ര്യദിനമാഘോഷിക്കുന്ന 2022-നു മുന്പായി പുതിയ മന്ദിര സമുച്ചയം നിര്മിക്കാനാണ് ലക്ഷ്യം. പാര്ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‌പ്പെടുന്ന സെന്ട്രല് വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി ഉപേക്ഷിക്കണമെന്നുകാട്ടി 60 മുന് ഉദ്യോഗസ്ഥര് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
