കർഷകർ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്‍റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതി ദില്ലി പൊലീസിനോട് പറഞ്ഞു.
ദില്ലി പൊലീസാണ് റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന കർഷകരുടെ ട്രാക്ടർ റാലി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പ്രതിഷേധം തടസമുണ്ടാക്കും. ഇതിലൂടെ ക്രമസമാധാന നില തകരാനുള്ള സാഹചര്യമുണ്ട്. അത്തരത്തിലുണ്ടാകുന്ന സംഭവങ്ങൾ ലോകത്തിന് മുന്നിൽ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കും. അതിനാൽ റാലി തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസ് സുപ്രീം കോടതിയെ സമീപിച്ചത്.
‘പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും . എന്നാൽ, പ്രതിഷേധങ്ങൾ പൊതുതാത്പ്പര്യങ്ങളെ ഹനിക്കാതെയും ക്രമസമാധാന നിലയെ ബാധിക്കാതെയുമാകണം. എന്നാൽ, രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന തരത്തിൽ പ്രതിഷേധിക്കാൻ ആർക്കും അവകാശമില്ല’. സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ ഡൽഹി പോലീസ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. റിപ്പബ്ലിക് ദിനത്തിന് പിറ്റേന്ന്, ഇനി കേസ് പരിഗണിക്കും.