എറണാകുളം കളമശേരിയില്‍ ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിനു പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളിലൊരാളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പില്‍ നിഖില്‍ പോള്‍ (17)-നെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യാ ശ്രമം ശ്രദ്ധയില്‍പെട്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു 17കാരനെ ഏഴംഗ സംഘം കഴിഞ്ഞ ദിവസം അതിക്രൂരമായി മര്‍ദ്ദിച്ചത്.
സംഘത്തിലെ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. ആറുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ പോലീസ് വിളിച്ചുവരുത്തി ഇവരെ മാതാപിതാക്കളുടെ കൂടെ വിട്ടയച്ചിരുന്നു.
അതിക്രൂരമായ മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. ജനനേന്ദ്രിയത്തില്‍ അടക്കം മര്‍ദനമേറ്റിരുന്നു.
നഗ്‌നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയില്‍ അടിക്കുകയും കുഴഞ്ഞുവീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്പ്പിച്ചും പ്രതികള്‍ രസിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സംഘത്തിലെ തന്നെ ഒരംഗം പകര്‍ത്തിയ വിഡിയോയിലൂടെയാണ് ക്രൂരതയെ കുറിച്ച് പുറംലോകം അറിഞ്ഞത്. അവശനായ കുട്ടി ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബാലനിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. പരുക്കേറ്റ കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ തുടരുകയാണ്.