ആന്ധ്രാപ്രദേശിൽ കോവിഡ് വാക്സിൻ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകർ മരിച്ചു. ഗുണ്ടൂരിലും വാറങ്കലിലുമാണ് ആരോഗ്യപ്രവർത്തകർ മരിച്ചത്. ഗുണ്ടൂരിൽ കഴിഞ്ഞ 19 ന് വാക്സിൻ സ്വീകരിച്ച ആശാപ്രവർത്തക വിജയലക്ഷ്മി (42) ആണ് മരിച്ചത്.
മസ്തിഷ്കാഘാതം മൂലമാണ് മരണമെന്ന് അധികൃതർ അറിയിച്ചു. വാക്സിൻ സ്വീകരിച്ചതിനു പിന്നാലെ ഇവർ കുഴഞ്ഞു വീണിരുന്നു. ഉടനെ വിജയലക്ഷ്മിയെ ഗുണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു.
വാക്സിൻ കുത്തിവയ്പു മൂലമാണ് വിജയലക്ഷ്മി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കളക്ടർ സാമുവൽ ആനന്ദ് മരിച്ച വിജയലക്ഷ്മിയുടെ മകന് ജോലിയും വീടും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. വാറങ്കലിലെ ന്യൂ ശയാംപേട്ടയിൽ 45 വയസുള്ള ആരോഗ്യപ്രവർത്തകയും കോവിഡ് വാക്സിൻ സ്വീകരിച്ചതിനു പിന്നാലെ മരിച്ചിരുന്നു. 19 ന് ആണ് ഇവരും വാക്സിൻ സ്വീകരിച്ചത്.