ഒന്നര വയസുകാരന്റെ മരണം കൊലപാതകം: മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

 
ബദിയടുക്ക: ഒന്നര വയസുകാരന്‍ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ശാരദയെ പോലീസ് അറസ്റ്റ് ചെയ്തു. പെര്‍ള കാട്ടുകുക്ക പെര്‍താജെ സ്വദേശി ശാരദയാണ് അറസ്റ്റിലായത്. ഒന്നര വയസ്സുള്ള ഏക മകന്‍ സ്വസ്തിയെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നെന്ന് ഇവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചു.. കുഞ്ഞിനെ കാണുന്നില്ലെന്ന് മാതാവ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
കുട്ടി തനിയെ കിണറ്റില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റില്‍ എറിഞ്ഞതാകുമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംശയം മാതാവിലേക്ക് നീണ്ടത്. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ എല്ലാം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് നേരത്തെ മാനസിക അസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Previous Post Next Post