പക്ഷിപ്പനി, കോവിഡ്; ജാഗ്രത തുടരണമെന്ന് കേന്ദ്ര സംഘം





കോട്ടയം: പക്ഷിപ്പനിയും കോവിഡും പ്രതിരോധിക്കുന്നതിനുള്ള കോട്ടയം ജില്ലയിലെ നടപടികള്‍ തൃപ്തികരമാണെന്നും ജാഗ്രത തുടരണമെന്നും  കേന്ദ്ര സംഘം.  

കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി  മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ്  ഇന്നലെ ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്.  

ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ ജില്ലാ മേധാവികളുമായും കൂടിക്കാഴ്ച്ച നടത്തിയ ഇവര്‍  നീണ്ടൂരില്‍ പക്ഷിപ്പനി ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 

താറാവു കര്‍ഷകരെ നേരില്‍ കണ്ട് സംസാരിച്ചു. ദേശാടനപക്ഷികളുടെയും രോഗം ബാധിച്ച പക്ഷികളുമായി സമ്പര്‍ക്കമുള്ള കര്‍ഷകരുടെയും ദ്രുതകര്‍മ്മ സേനാംഗങ്ങളുടെയും സാമ്പിളുകള്‍ പരിശോധിക്കണം. 

നീണ്ടൂര്‍ മേഖലയിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനാ വിധേയമാക്കണം. 
വീടുകളില്‍ ഒന്നോ രണ്ടോ വളര്‍ത്തുപക്ഷികള്‍ മാത്രമുള്ളവര്‍ക്കും മുന്‍കരുതല്‍ വേണം. 

പക്ഷിപ്പനിയുണ്ടായ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം തുടരണം. 

നിലവില്‍ ഉയര്‍ന്ന തോതില്‍ സാമ്പിള്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആര്‍.ടി.പി.സി.ആര്‍ സാമ്പിള്‍ പരിശോധന ഇനിയും വര്‍ധിപ്പിക്കാവുന്നതാണ്. എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധയ്‌ക്കെതിരെയും മുന്‍കരുതല്‍ ആവശ്യമാണെന്ന് സംഘാംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

.
أحدث أقدم