അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്നെന്ന് റിപ്പോർട്ടുകൾ.





കോട്ടയം:  തിരുവാതിക്കലിന് സമീപം പതിനാറിൽ ചിറയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന് എന്ന് റിപ്പോർട്ടുകൾ.

72 വയസുള്ള കാർത്തിക ഭവനിൽ സുജാതയാണ് 52 കാരനായ മകൻ ബിജുവിൻ്റെ ആക്രമണത്തിൽ മരിച്ചത്.

ശനിയാഴ്ച്ച വൈകുന്നേരം മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി മാതാപിതാക്കളുമായി തർക്ക ത്തിലേർപ്പെടുകയും പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് മാതാപിതാക്കളെ വെട്ടുകയുമായിരുന്നു.

മകന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെ മകൻ ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. 
ഇത് കണ്ട് എത്തിയ അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.

മകന്റെ ആക്രമണത്തിൽ പിതാവ് തമ്പി(74) ക്ക് പരിക്കേറ്റു.
വെട്ടുകത്തി കൊണ്ട് പരിക്കേറ്റ സുജാതയെയും തമ്പിയേയും തുടർന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും യാത്രക്കിടെ സുജാത മരിച്ചു.. സുജാതയുടെ മൃതദേഹത്തിൽ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയിൽ നീരുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ പ്രതിയായ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്.ഐ റ്റി. ശ്രീജിത്ത്, സി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


Previous Post Next Post