ഹൈദരാബാദ്:നിരോധിച്ചതും നിയമവിരുദ്ധവുമായ മരുന്നുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്ത യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയ യുവാവിനും മറ്റ് രണ്ട് പേർക്കുമെതിരെയാണ് സൈബരാബാദ് പൊലീസ് കേസെടുത്തത്. 8.50 കോടി രൂപയുടെ അൽപ്രാസോലം എന്ന മരുന്നും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ ഗുഡികലി ലിംഗഗൗഡ് (36) എന്ന യുവാവ് ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡി പൂർത്തിയാക്കിയിട്ടുണ്ട്.
മേഡക് ജില്ലയിലെ ശങ്കരാംപേട്ട് മണ്ഡലിലെ മാധൂർ സ്വദേശിയാണ് ഇയാൾ. ഹൈദരാബാദിലെ ജീഡിമെറ്റ്‌ല വ്യാവസായിക മേഖലയിൽ ഡോ. ഗൗഡ്സ് ലബോറട്ടറീസ് എന്ന പേരിൽ ഒരു കമ്പനി ഇയാൾ ആരംഭിച്ചിട്ടുണ്ടെന്ന് ബാലനഗർ മേഖല ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പദ്മജ പറഞ്ഞു.
എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ഇയാൾ നിരോധിച്ച മരുന്ന് ഉണ്ടാക്കാൻ തീരുമാനിച്ചതെന്നും വിജയവാഡയിൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി നടത്തുന്ന സുഹൃത്ത് കിരൺ കുമാറിനെ ഇക്കാര്യത്തിനായി സമീപിക്കുകയായിരുന്നുവെന്നും ഡിസിപി പറഞ്ഞു. അൽപ്രാസോലം ഉത്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലിംഗ ഗൗഡ്, കിരണിന് വിതരണം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കിരൺ തന്റെ ഡ്രൈവർ വിനോദ് കുമാർ (27) വഴി വിജയവാഡയിൽ നിന്ന് ഹൈദരാബാദിലേക്ക് ലിംഗ ഗൗഡിന് കമ്മീഷൻ നൽകി അയച്ചിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.
ലിംഗ ഗൌഡിന്റെ അളിയനും എആർ കോൺസ്റ്റബിളുമായ മാധുരി രാമ കൃഷ്ണ ഗൌഡ് (36) ആണ് പൊലീസ് പിടികൂടാതെ മരുന്ന് സുഗമമായി വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.