ഉമ്മന്‍ ചാണ്ടിക്ക് ഉളുപ്പില്ലേ?’; ബിജെപി- സിപിഐഎം ഡീല്‍ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി



പത്തനംതിട്ട: ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫും ബിജെപിയും തമ്മിലുണ്ടായിരുന്ന വോട്ടു ധാരണയെ കുറിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി സുരേന്ദ്രന്‍പിള്ള തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- ബിജെപി കൂട്ടുക്കെട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയതിന് പിന്നാലെയാണ് മറുപടിയുമായി മുഖ്യമന്ത്രി എത്തിയത്. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുഡിഎഫും ബിജെപിയും തമ്മിലുണ്ടായിരുന്ന ധാരണയെക്കുറിച്ച് വി സുരേന്ദ്രന്‍ പിള്ള തന്നെ വ്യക്തമാക്കിയതാണ്. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് ഉളുപ്പില്ലെയെന്നും മുഖ്യമന്ത്രി ചോദിച്ചു.

എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും ഡീല്‍ സിപിഐഎമ്മും ബിജെപിയും തമ്മിലാണെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആരോപണം. പിണറായിക്ക് തുടര്‍ഭരണം, ബിജെപിക്ക് ഏഴോളം സീറ്റ് ഇതാണ് ധാരണയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്നിലാക്കുന്നത് പിആര്‍ ഏജന്‍സികളാണ്. ചെന്നിത്തലയുടെ ആരോപണങ്ങള്‍ എല്ലാം ശരിയാണ്. മാധ്യമങ്ങളിലെ സര്‍വേകള്‍ക്ക് പിന്നില്‍ പിആര്‍ ഏജന്‍സികളാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം.
أحدث أقدم