സുപ്രീം കോടതിയിലെ 50 ശതമാനം ഉദ്യോഗസ്ഥർക്കും കൊവിഡ് ; തുടർ നടപടികൾ ഇനി വീഡിയോ കോൺഫറൻസിംഗ് വഴി



ന്യൂ ഡൽഹി : രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതിയും. കോടതിയിലെ 50 ശതമാനത്തോളം ഉദ്യോഗസ്ഥർ കൊവിഡ് പോസിറ്റീവ് ആണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനാൽ തുടർന്നുള്ള കോടതി നടപടികൾ വീട്ടിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി നടക്കുമെന്ന് അറിയിക്കുന്നു.

കോടതി പരിസരങ്ങളും മുറികളും ഇപ്പോൾ അണുവിമുക്തമാക്കുന്ന നടപടികൾ പുരോഗമിക്കുന്നുണ്ട്. വിവിധ ബെഞ്ചുകൾ നിർദിഷ്ട സമയത്തേക്കാൾ ഒരു മണിക്കൂർ വൈകിയെ ആരംഭിക്കൂ എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ ഇന്നത്തെ പ്രതിദിന കോവിഡ് നിരക്ക് 1,68,912 ആണ്. തുടർച്ചയായി ഇത് ആറാം ദിനമാണ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്ത് ലക്ഷത്തോളം പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടുണ്ട്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 14 % വര്‍ധനവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്.

ഞായറാഴ്ച്ച മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 63000 പുതിയ കൊവിഡ് കേസുകളാണ്. പൂനെയില്‍ മാത്രം 12,590 പേര്‍ക്കും, മുംബൈയില്‍ 9,989 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നാഗ്പൂരിൽ 6791 പേര്‍ക്കും താനെയില്‍ 2870, നാസിക്-3332 പേര്‍ക്കും കൊവിഡ് പോസിറ്റീവായി.

കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടെ രാജ്യത്ത് ഒമ്പത് ജില്ലകളില്‍ കൊവിഡ് 19 കേസുകള്‍ കുത്തനെ ഉയരുകയാണ്. കേരളത്തില്‍ ഇന്നലെ 6986 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

Previous Post Next Post