മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി മരിച്ച നിലയില്‍; കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍



കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയും മന്‍സൂറിന്റെ അയല്‍ക്കാരനുമായ രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍പ സമയം മുമ്പാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാലിക്കുഴമ്പ് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം രതീഷ് ഒളിവില്‍ പോയിരുന്നു. രതീഷിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

നാദാപുരം ഡിവൈഎസ്പി അടക്കമുള്ള ആളുകള്‍ പ്രദേശത്തേക്ക് പോയിട്ടുണ്ട്.

കേസിലെ 24 പ്രതികളും ഒളിവിലാണ് എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. നാട്ടുകാര്‍ പിടിച്ച പൊലീസിന് കൈമാറിയ ഒരു പ്രതിയെ അല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് പൊലീസിനെതിരെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘത്തെ രണ്ട് സംഘമായി തിരിച്ച് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഇതിനിടെയാണ് രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
أحدث أقدم