ബംഗളൂരു: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതമാണെന്നും മകനായ തന്റെയുള്‍പ്പടെ സാമിപ്യം ഇപ്പോള്‍ ആവശ്യമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് കോടതി കേസില്‍ അവസാനമായി വാദം കേട്ടത്. ഏപ്രില്‍ 22-ന് ഇഡിയുടെ എതിര്‍വാദം കേള്‍ക്കാനിരിക്കെ അതുകൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക.
ഫെബ്രുവരിയില്‍ ബംഗളുരു പ്രത്യേക കോടതിയില്‍ ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും സെഷന്‍സ് കോടതി അപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ബിനീഷ് ഹൈക്കോടതിയിലേക്ക് നീങ്ങിയത്. നവംബര്‍ 11 മുതല്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റടിയിലാണ് ബിനീഷ്.
2020 ഒക്ടോബര്‍ 28 നാണ് ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ബിനീഷ് കോടിയേരിയെ അറസ്റ്റുചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലിരിക്കെ ബിനീഷിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത് നാലുദിവസത്തോളം ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല.