മദ്യം കിട്ടിയില്ല; പകരം പാര്‍ട്ടിക്ക് സാനിട്ടെെസര്‍ കുടിച്ച ഏഴ് യുവാക്കള്‍ മരിച്ചു


മുംബെെ; മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് പകരം സാനിറ്റെെസർ കുടിച്ച ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം.
യാവാന്മാൽ ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് വ്യാപനത്തെ തുടർന്ന് യാവാന്മാൽ ജില്ലയിൽ ജില്ലാ മജിസ്ട്രേറ്റ് മദ്യ വില്പന നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഇതോടെ ജില്ലയിലെ മദ്യശാലക്ൾ പൂട്ടി. മദ്യം കിട്ടാതായതോടെ ഒരു സംഘം യുവാക്കൾ സാനിറ്റൈസർ വാങ്ങി കുടിക്കുകയായിരുന്നു.
മരണപ്പെട്ടവരെല്ലാം ദിവസവേതനക്കാരായ തൊഴിലാളികളാണ്.
30 മില്ലി ലിറ്റർ സാനിറ്റൈസർ 250 മില്ലി ലിറ്റർ മദ്യത്തിന്റെ ലഹരി നൽകുമെന്ന് യുവാക്കളോട് ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കൾ അഞ്ച് ലിറ്റർ സാനിറ്റൈസർ വാങ്ങി പാർട്ടി നടത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു പാർട്ടി. എന്നാൽ സാനിറ്റൈസർ കുടിച്ചതിന് പിന്നാലെ ഇവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഒരോരുത്തരായി ഛർദിക്കുകയും തളർന്നുവീഴുകയും ചെയ്തു.


 
തുടർന്ന് യുവാക്കളെ വാനി സർക്കാർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരുടെ പോസ്റ്റുമോർട്ടം നടത്തിയതായി വാനി പൊലീസ് അറിയിച്ചു. ബാക്കി നാലുപേരുടെ മൃതദേഹങ്ങൾ അധികൃതരെ അറിയിക്കാതെ ബന്ധുക്കൾ സംസ്കരിച്ചെന്നും ഇതുസംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യവത്മാൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
Previous Post Next Post