സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.




തിരുവനന്തപുരം : സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധനാ ബൂത്തുകള്‍ ആരംഭിക്കും. ഐസിഎംആറിന്റെ പുതിയ മാര്‍ഗരേഖ പ്രകാരമാണ് നടപടി.

ആര്‍ടിപിസിആര്‍ പരിശോധന ഫലത്തിനുള്ള കാലതാമസം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധി വരെ തിരിച്ചടി ആകുന്നു. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ആന്റിജന്‍ പരിശോധന സര്‍വ വ്യാപകമാക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചത്. ഇനി മുതല്‍ ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. കൂടാതെ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലും പരിശോധന വ്യാപിപിക്കും.

ജനങ്ങള്‍ കൂടുതലായി വന്ന് പോകുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധനയ്ക്ക് കൂടുതല്‍ സൗകര്യം ഒരുക്കണം. നഗരങ്ങളിലും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലും 24 മണിക്കൂറും ആന്റിജന്‍ പരിശോധന ബുത്തുകള്‍ പ്രവര്‍ത്തിപ്പിക്കണം. ആന്റിജന്‍ പരിശോധനയില്‍ കോറോണ സ്ഥിരീകരിച്ചാല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി കൃത്യത വരുത്തുന്ന രീതി ഇനി ആവശ്യമില്ലെന്നാണ് നിര്‍ദേശം. കോറോണ മുക്തരായവര്‍ ആശുപത്രി വിടുമ്ബോള്‍ ഒരിക്കല്‍ കൂടി പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും ആരോഗ്യ വകുപ്പിന്റെ കോറോണ പ്രതിരോധ സെല്‍ ഇറക്കിയ മാനദണ്ഡങ്ങളില്‍ വ്യക്തമാക്കുന്നു.

Previous Post Next Post