സ്ത്രീധനം വാങ്ങിയാലും കൊടുത്താലും ജോലിയില്ല ; കടുത്ത പ്രഖ്യാപനവുമായി ഏരീസ് ഗ്രൂപ്പ്

സ്ത്രീധന നിരാകരണ സമ്മതപത്രം’ തൊഴിൽ കരാറിന്റെ ഭാഗമാക്കുന്ന ആദ്യ സ്ഥാപനമാണ് ഏരീസ്

സ്ത്രീധനത്തിന്റെ പേരിൽ ഒരു പെണ്ണിന്റെ ജീവൻ പൊലിഞ്ഞു എന്ന് കേട്ടാൽ വാവിട്ടു കരയും. പിന്നീട് അത് മറക്കുന്ന സമൂഹമാണ് നമ്മുടേത്, പിന്നെ എവിടെയെങ്കിലും അത്തരമൊരു വാർത്ത ഉണ്ടായാൽ പഴയപല്ലവി തുടരും. സ്ത്രീധനം വാങ്ങരുത് കൊടുക്കരുത് കാമ്പെയ്‌നുകൾ ഉച്ചസ്ഥായിയിൽ എത്തും, വീണ്ടും തണുക്കും. 

എന്നാൽ ഇനി മുതൽ സ്ത്രീധനം വാങ്ങിയെന്നോ കൊടുത്തുവെന്നോ അറിഞ്ഞാൽ, ജോലി നഷ്‌ടപ്പെടുമെന്ന മുന്നറിയിപ്പുമായി ഒരു തൊഴിലുടമ തന്നെ രംഗത്ത് വന്നിരിക്കുന്നു. സംവിധായകൻ സോഹൻ റോയിയുടെ നേതൃത്വത്തിലെ ഏരീസ് ഗ്രൂപ്പാണ്  ഇങ്ങനെ ഒരു കടുത്ത തീരുമാനവുമായി രംഗത്തെത്തിയത്.

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാർക്ക്, പിരിഞ്ഞു പോകേണ്ടിവരുമെന്ന് മാത്രമല്ല  നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് അറിയിച്ചു. 

മൂന്നു മാസങ്ങൾക്ക് മുൻപ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി ‘ യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴിൽ കരാറിന്റെ ഭാഗമാക്കിക്കൊണ്ട്, കഴിഞ്ഞദിവസം സ്ഥാപന മേധാവി ഡോ: സോഹൻ റോയ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 

സ്ഥാപനത്തിലെ വനിതാജീവനക്കാർക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാൽ, അതിലെ നിയമപരമായ അനുബന്ധ നടപടികൾ സ്ഥാപനം ഏറ്റെടുക്കുമെന്ന് പുതിയ നയരേഖ പറയുന്നു.

നിലവിലുള്ള തൊഴിൽ കരാർ പുതുക്കുന്ന ജീവനക്കാർക്കും പുതിയതായി ജോലിക്ക് കയറുന്നവർക്കും ‘സ്ത്രീധന നിരാകരണ സമ്മതപത്രവും’ ഒപ്പിട്ടു നൽകേണ്ടിവരും. പതിനാറോളം രാജ്യങ്ങളിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർക്കിടയിലും സ്ത്രീധനവിരുദ്ധ പ്രചാരണം ശക്തമാക്കും. 

പരിഷ്കൃത സമൂഹത്തിലെ കാൻസറായി നിലനിൽക്കുന്ന സ്ത്രീധന സംസ്കാരത്തെ പാടെ തുടച്ചു മാറ്റാൻ സാധിച്ചില്ലെങ്കിലും അതു തങ്ങളുടെ സ്ഥാപനങ്ങളിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇത്. 

ലോകത്ത് തന്നെ ആദ്യമായാണ് ‘സ്ത്രീധന നിരാകരണ സമ്മതപത്രം’ ഒരു സ്ഥാപനം തൊഴിൽ കരാറിന്റെ ഭാഗമാക്കുന്നത്, ഒരു ഇന്ത്യൻ സ്ഥാപനം എന്ന നിലയിൽ തങ്ങൾ അതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.

Previous Post Next Post