മുസ്ലീം വിരുദ്ധ പരാമര്‍ശം; യുഡിഎഫ് കൊച്ചി ചെയര്‍മാന്‍ അഗസ്റ്റിന്‍ സിറിള്‍ രാജിവെച്ചുയുഡിഎഫ് കൊച്ചി നിയോജക മണ്ഡലം ചെയര്‍മാന്‍ അഗസ്റ്റിന്‍ സിറിള്‍ രാജിവെച്ചു. അഗസ്റ്റിന്‍ നേരത്തെ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജിയെന്നാണ് സൂചന. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി ജോണ്‍ പഴേരിയെ കൊച്ചി മണ്ഡലത്തിലെ പുതിയ യുഡിഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു.

'
കൊച്ചി കോളെജിലെ മാനേജ്‌മെന്റിലേക്ക് കാക്കാന്മാരെ അടുപ്പിക്കരുതെന്നും അത് ദോഷം ചെയ്യുമെന്നുമായിരുന്നു അഗസ്റ്റി സിറിലിന്റെ പരമാര്‍ശം. എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജമാണെന്നും അതിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നം അഗസ്റ്റിന്‍ വിശദീകരണം നല്‍കിയിരുന്നു.

അഗസ്റ്റി സിറിളിന്റെ വിശദീകരണ കുറിപ്പ്-

2019 ല്‍ നടത്തിയ എന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് എടുക്കുകയും, അതില്‍ ഞാന്‍ പറയാത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് കൊച്ചി മണ്ഡലം യു. ഡി. എഫ്. ചെയര്‍ മാന്റെ വാക്കുകള്‍ എന്ന പേരില്‍ എനിക്കെതിരെ വിഭാഗീയതയും തെറ്റിദ്ധാരണയും പരത്തുന്ന വാട്ട്‌സ് ആപ്പ് സന്ദേശം പ്രചരിക്കുന്നതിനാല്‍ അതിന്റെ സത്യാവസ്ഥ അറിയിക്കുന്നതിനാണ് ഈ കുറിപ്പ്.
ഞാനും ടിയാനുമായുള്ള സംഭാഷണത്തില്‍ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നിന്നുള്ളവരെക്കുറിച്ച് അയാളുടെ ഉള്ളില്‍ നിന്നെടുക്കുന്ന വിവരങ്ങള്‍ വരെ മാത്രമേ എന്റെ സംഭാഷണം ആയി ഉള്ളൂ. ബാക്കിയുള്ള വര്‍ഗ്ഗീയ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത് വ്യാജമായി ചേര്‍ത്തതാണ്.

എന്റെ പൂര്‍വ്വീകരും ഞാനും തലമുറകളായി മട്ടാഞ്ചേരിയില്‍ ജനിച്ചു വളര്‍ന്നവരാണ്. എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എല്ലാവരും തന്നെ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.മുസ്ലിം സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ വാങ്ങിയാണ് ഞാന്‍ നാലാം ഡിവിഷനില്‍ കൗണ്‍സിലരായി വിജയിച്ചത്. നിര്‍ദ്ധനരായ മുസ്ലിം കുട്ടികള്‍ക്ക് പഠന സഹായവും, മുതിര്‍ന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് ചികിത്സാ സഹായങ്ങളും വര്‍ഷങ്ങളായി ഞാന്‍ നല്‍കി വരുന്നത് ഏവര്‍ക്കും അറിയാവുന്നതാണ്.
രണ്ടു വര്‍ഷം മുന്‍പത്തെ സംഭാഷണം എഡിറ്റ് ചെയ്തു വ്യാജമായി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് എന്നെ താറടിച്ച് കാണിക്കുന്നതിനും എന്റെ മതേതര പ്രതിച്ഛായ തകര്‍ക്കുന്നതിനും വേണ്ടിയുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്.കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി അപമാനിക്കുക ഇയാളുടെ ശീലമാണ്. സീനിയര്‍ കോണ്‍ഗ്രെസ്സ് നേതാവ് എന്‍. വേണുഗോപാലിനെയും ജില്ലാ സെക്രട്ടറി ശ്രീ
കെ. എം. റഹിം എന്നീ നേതാക്കളെയും ഇയാള്‍ അപകീര്‍ത്തി പ്പെടുത്തി സംസാരിക്കുന്നു.
വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തവരെയും വ്യാജ സന്ദേശം ഫോര്‍വേഡ് ചെയ്യുന്നവരെയും കണ്ടെത്തി സൈബര്‍ നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനായി പരാതി നല്‍കിയിട്ടുള്ളതാണ്. ഈ വ്യാജസന്ദേശ പ്രചാരണം മൂലം എനിക്കുണ്ടായ മാനഹാനിക്കും അപമാനത്തിനും നഷ്ടപരിഹാരം ഈടാക്കുന്ന നിയമ നടപടിയും ഞാന്‍ ഇതോടൊപ്പം സ്വീകരിച്ചിട്ടുണ്ട്.
വ്യാജ, വര്‍ഗീയ പ്രചരണങ്ങളില്‍ അകപ്പെടരുതെന്ന് എല്ലാ യു. ഡി. എഫ്.പ്രവര്‍ത്തകരോടും, പൊതു സമൂഹത്തോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു
Previous Post Next Post