കോട്ടയം: പാര്‍ട്ടിയിലും ഗ്രൂപ്പിലും ചാണ്ടി ഉമ്മന്റെ ഇടപെടലുകള്‍ ഉമ്മന്‍ചാണ്ടിയുടെ കൂടി ജനകീയത ഇല്ലാതെയാക്കുമെന്ന വിമര്‍ശനമുയര്‍ത്തി എ ഗ്രൂപ്പ് നേതാക്കള്‍.
മലപ്പുറം പ്രസംഗം മുതല്‍ ഉമ്മന്‍ചാണ്ടിയെ കൂടി പ്രതിസന്ധിയിലാക്കുന്ന ഇടപെടലുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് ചില പ്രവര്‍ത്തകരുടെ പരാതി. എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിലും തീരുമാനത്തിലും ചാണ്ടി ഉമ്മന്‍ അനാവശ്യമായി കൈകടത്തുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത അനുയായികള്‍ തന്നെയാണ് അദ്ദേഹത്തിന്റെ മകനെതിരെ തിരിഞ്ഞിരിക്കുന്നത്. പലപ്പോഴും ഉമ്മന്‍ചാണ്ടിയെ കൂടി കുടുക്കിലാക്കുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രം കൂടി ഉയര്‍ത്തിക്കാട്ടിയാണ് പുതിയ വിമര്‍ശനം.
ശനിയാഴ്ച രാവിലെ ‘ട്രാവലിങ് ടു കോട്ടയം’ എന്ന തലക്കെട്ടില്‍ ചാണ്ടി ഉമ്മന്‍ പങ്കുവച്ച സെല്‍ഫി ഉമ്മന്‍ചാണ്ടി ഒരു ‘സന്ദര്‍ശക എംഎല്‍എ’ എന്ന സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്നാണ് ആക്ഷേപം.
കോട്ടയത്തോ പുതുപ്പള്ളിയിലോ ഈ മഹാമാരിക്കാലത്തുപോലും ഉമ്മന്‍ ചാണ്ടി ഇല്ലാ എന്ന സന്ദേശം പങ്കുവയ്ക്കാനേ ഇതു ഉപകരിക്കൂ എന്നാണ് ഇവര്‍ പറയുന്നത്. ഇങ്ങനെ ഒരു എംഎല്‍എ പുതുപ്പള്ളിക്ക് വേണമോയെന്ന് എതിരാളികള്‍ പ്രചരിപ്പിച്ചാല്‍ അതില്‍ തെറ്റു പറയാനാകുമോയെന്നും ഇവര്‍ ചോദിക്കുന്നുണ്ട്.
നേരത്തെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നേരിട്ടത്. ഇതിന്റെ തുടര്‍ച്ചയെന്നോണം എതിരാളിയായി മത്സരിച്ച ജെയ്ക് സി തോമസ് ഇപ്പൊഴും മണ്ഡലത്തില്‍ സജീവമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ വല്ലപ്പോഴും വരുന്ന എംഎല്‍എ എന്ന നിലയില്‍ സ്വന്തം ഭാഗത്തുനിന്നും പ്രചാരണം കൂടി വന്നാല്‍ അതു തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
നിലവില്‍ കോണ്‍ഗ്രസിലെയോ സര്‍ക്കാരിലെയോ ഒരു അധികാര പദവിയിലും ഉമ്മന്‍ചാണ്ടിയില്ല. സ്വഭാവികമായും അദ്ദേഹം തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യമില്ലെന്നും നേതാക്കള്‍ പറയുന്നു.
നിലവില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ അദ്ദേഹം ശനിയാഴ്ച മണ്ഡലത്തിലെത്തി ഞായറാഴ്ച മടങ്ങാറുണ്ട്. സമ്മേളന ശേഷം ഉമ്മന്‍ ചാണ്ടി മുഴുവന്‍ സമയവും പുതുപ്പള്ളിയില്‍ തന്നെ വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേരിട്ട് നേതൃത്വം നല്‍കണമെന്നും പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
അതിനിടെ ചാണ്ടി ഉമ്മന്റെ അനാവശ്യ ഇടപെടലുകളില്‍ എ ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍ക്ക് തന്നെ കടുത്ത എതിര്‍പ്പുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 സീറ്റിലധികം തന്റെ ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചാണ്ടി ഉമ്മന്‍ നീക്കം നടത്തി. ഇതില്‍ ഒരിടത്തൊഴികെ ബാക്കി എല്ലായിടത്തും പരാജയപ്പെട്ടിരുന്നു.
അതിനു ശേഷം ഇപ്പോള്‍ എ ഗ്രൂപ്പിന് വേണ്ടി ഡിസിസി അധ്യക്ഷന്മാരെ നിയമിക്കാനുള്ള നീക്കത്തിലാണ് ചാണ്ടി ഉമ്മനെന്നാണ് ആക്ഷേപം. എ ഗ്രൂപ്പിന്റെ നോമിനികളെ തീരുമാനിക്കുന്നത് ചാണ്ടി ഉമ്മനാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍തന്നെ പറയുന്നു.
ഗ്രൂപ്പിന് ഇപ്പോള്‍ പഴയ കേഡര്‍ സ്വഭാവം ഇല്ലെന്നതും പ്രമുഖര്‍ പലരും ഗ്രൂപ്പിനെ കൈയ്യൊഴിഞ്ഞുവെന്നതും എ ഗ്രൂപ്പിനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്ന് വാദം ഉയരുന്നു