സ്വര്‍ണക്കടത്ത്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് പലതും അറിയാം; എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല?; കെ സുരേന്ദ്രന്‍ 

ആലപ്പുഴ: സ്വര്‍ണക്കടത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് പലതും അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്തുകൊണ്ട് നേരത്തെ ഈ വിവരം പൊലീസിനെ അറിയിച്ചില്ലെന്നും  സുരേന്ദ്രന്‍ ചോദിക്കുന്നു.

സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച്  എംവി ജയരാജന് നേരത്തെ തന്നെ അറിവുള്ളതാണ്. പ്രതികളെല്ലാം സ്ഥിരമായി സിപിഎം ആസ്ഥാനം സന്ദര്‍ശിക്കുന്നവരാണ്. എംവി ജയരാജനെ മറ്റൊരു സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വര്‍ണം നഷ്ടപ്പെട്ടയാളുകള്‍ സമീപിക്കുകയും സിപിഎം പ്രവര്‍ത്തകരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ജയരാജന്‍ ആ വിവരം പൊലീസില്‍ അറിയിക്കാതിരുന്നത്?.

 സ്വര്‍ണക്കള്ളക്കടത്ത് സംഘത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യുന്ന സംഘത്തെ കുറിച്ച് വ്യക്തമായ അറിവ്  ഉണ്ടായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തി ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ പാര്‍ട്ടിക്കാര്‍ തയ്യാറാവണം എന്ന് പറയുന്നത് അസംബന്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങളിലും സിപിഎം സ്വീകരിക്കുന്ന സമീപനം തികഞ്ഞ ഇരട്ടത്താപ്പാണ്. വടകരയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തതത്. പൊലീസ് അറിഞ്ഞിട്ടും സംഭവത്തില്‍ നടപടി സ്വീകരിച്ചില്ല. പിന്നീട് വലിയ വിവാദമായപ്പോഴാണ് മുഖം രക്ഷിക്കാന്‍ ചെറിയ നടപടികള്‍ സ്വീകരിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

കേരളത്തിലെ തീവ്രവാദവുമായി ബന്ധപ്പെട്ട് ഡിജിപി ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ബിജെപി നേരത്തെ പറഞ്ഞ കാര്യങ്ങളാണ്. ഐഎസ്എസ് സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണ്. ഇന്ത്യയില്‍ ഏറ്റവും കുടതല്‍ റിക്രൂട്ട് മെന്റ് നടക്കുന്നത് കേരളത്തിലാണ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

Previous Post Next Post