കുവൈത്തിൽ 10 വാക്സിനേഷൻ കേന്ദ്രം കൂടി തുറക്കും -


കുവൈത്ത് സിറ്റി∙ കുവൈത്തിൽ കോവിഡ് വാക്സിനേഷൻ സുഗമമായി തുടരുന്നു. പുതുതായി 10 വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഇതോടെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 40 ആയി ഉയരും.മൊബൈൽ വാക്സിനേഷൻ സംവിധാനം നാലാം ഘട്ടത്തിൽ 17 ദിവസത്തിനിടെ 60000 പേർക്ക് വാക്സീൻ നൽകി. പെട്രോൾ സ്റ്റേഷനുകൾ, സെക്യൂരിറ്റി ഗാർഡ് കമ്പനികൾ, പബ്ലിക് ട്രാൻസ്പോർട്ട്, റസ്റ്ററന്റുകൾ, തുറമുഖം,നാവിഗേഷൻ കമ്പനികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് കുത്തിവയ്പ് നടത്തിയതെന്ന് മൊബൈൽ വാക്സിനേഷൻ യൂണിറ്റ് മേധാവി ഡോ.ദിനാ അൽ ദബീബ് അറിയിച്ചു. രാജ്യത്തെ ഒരു വാക്സിനേഷൻ സെന്ററിൽനിന്ന് പ്രതിദിനം ശരാശരി 1000 പേർക്ക് വാക്സീൻ നൽകുന്നുവെന്നാണ് കണക്ക്.അതേസമയം ഷെയ്ഖ് ജാബർ പാലത്തിലെ വാക്സിനേഷൻ സെന്ററിൽ നിന്ന് പ്രതിദിനം 5000 മുതൽ 6000 പേർ വരെ വാക്സീൻ കുത്തിവയ്പ്നടത്തുന്നുണ്ട്. ദിവസവും വൈകിട്ട് 5 മുതൽ രാത്രി ഒന്നു വരെയാണ് ഷെയ്ഖ് ജാബർ പാലത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

 കൊടും ചൂട് പരിഗണിച്ച് ഈ കേന്ദ്രം പകൽ പ്രവർത്തിക്കുന്നില്ല.
വാക്സീൻ ക്ഷാ‍മം നേരിടുന്നില്ലെന്ന് ദലാൽ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് റജിസ്റ്റർ ചെയ്തിട്ടും അപ്പോയ്മെന്ര് ലഭിച്ചില്ലെങ്കിൽ റജിസ്ട്രേഷനിലെ അപാകതയോ എസ്‌എം‌എസ് ശ്രദ്ധിക്കാത്തതോ ആകാം കാരണം. അത്തരക്കാർ റജിസ്ട്രേഷൻ പരിശോധിച്ച് വിവരങ്ങൾ പുതുക്കണം. മിഷ്‌റഫ് രാജ്യാന്തര പ്രദർശന നഗരിയിൽ കോവിഡ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐടി ഡെസ്കിൽ അന്വേഷിച്ച് പ്രതിവിധി കണ്ടെത്താവുന്നതാണെന്നും അവർ പറഞ്ഞു.റജിസ്ട്രേഷൻ സംബന്ധിച്ച എസ്‌എം‌എസ് നഷ്ടമായെങ്കിൽ വീണ്ടും റജിസ്റ്റർ ചെയ്യുക തന്നെ വേണം.
Previous Post Next Post