സര്‍ക്കാര്‍ ആശുപത്രിയിലെ ജനലില്‍ നവജാത ശിശുവിനെ തൂക്കിക്കൊന്ന നിലയില്‍.ബംഗളൂരൂ/ നവജാത ശിശുവിനെ സര്‍ക്കാര്‍ ആശുപത്രിയിലെ ജനല്‍ക്കമ്പിയില്‍ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയുടെ ടോയ്‌ലറ്റ് ജനാലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കാണുന്നത്. ജനല്‍ കമ്പിയില്‍ തൂക്കി പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.
ആശുപത്രി ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇതോടെയാണ് സംഭവം പുറത്തുവന്നത്. സിസി ടിവി ദൃശ്യങ്ങളില്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ നവജാതശിശുവിനെ ആശുപത്രി ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നത് കാണാം. യുവതി പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വാഷ്‌റൂമില്‍ ഉപേക്ഷിച്ചുവെന്നാണ് സംശയിക്കുന്നത്.

ഈ ആശുപത്രിയില്‍ വെള്ളിയാഴ്ച ആറ് പ്രസവങ്ങള്‍ നടന്നിരുന്നെന്നും എല്ലാ അമ്മമാരും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്നും ചിന്താമണി സര്‍ക്കാര്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് പറഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കാത്തതിനാല്‍ കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിക്കബല്ലാപൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ലത പറഞ്ഞു.
Previous Post Next Post