ഒമാനില്‍ കനത്ത മഴ തുടരുന്നു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. വാദികളിലെ ജലമൊഴുക്കില്‍ പെട്ട് നാലു പേരെ കാണാതായി. നിരവിധ പേരെ രക്ഷപ്പെടുത്തി. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് കുടുംബങ്ങളെയും താമസക്കാരെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു, നിരവധി പേര് കെട്ടിടങ്ങളില്‍ കുടുങ്ങി. മഴ കാരണം സൂറില്‍ വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി അധികൃതര്‍ അറിയിച്ചു.ശര്‍ഖിയ്യ ഗവര്‍ണറേറ്റില്‍ രണ്ട് മണിക്കൂറോളും നീണ്ട കനത്ത മഴ വന്‍ നാശനഷ്ടമാണുണ്ടാക്കിയത്. രാവിലെ 9.45ന് ആരംഭിച്ച മഴ ഉച്ചക്ക് 12നാണ് അവസാനിച്ചത്. താഴ്വരകള്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകി. റോഡില്‍ വെള്ളം കയറിയതു കാരണം നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. സൂര് വിലായത്തിലെ ഏകയില്‍ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നുവീണു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.