പൂജപ്പുര സെൻട്രൽ ജയിലിലിരുന്ന് ലഹരി വ്യാപാരം, സ്മാർട് കാർഡ് ദുരുപയോഗം ചെയ്യുന്നു.





തിരുവനന്തപുരം/ജയിലിലെ തടവുകാർക്ക് നൽകിയ സ്മാർട് കാർഡ് ഉപയോഗിച്ച് പൂജപ്പുര സെൻട്രൽ ജയിലിലെ ചില ലഹരി മയക്ക് മരുന്ന് കേസിലെ പ്രതികൾ കോൺഫറൻസ് കോൾ വഴി പുറത്ത് ലഹരി സംഘങ്ങളുമായി ആശയവിനിമയം നടത്തി. ലഹരിക്കടത്തു കേസിൽ പൂജപ്പുര സെൻട്രൽ ജയിലിലുള്ള ഒരു തടവുകാരൻ ഇത്തരത്തിൽ ഭാര്യയെ വിളിച്ചു കോൺഫറൻസ് കോളിലൂടെ പുറത്തെ ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുള്ളത്.

തമിഴ്നാട് ഈറോഡിലെ അലൻ ഗ്രൂപ്പ് എന്ന കമ്പനി വഴി ജയിലുകളിൽ ഒരുക്കിയ സ്മാർട് കാർഡ് അധിഷ്ഠിത ഫോൺ വിളി സംവിധാനം ആണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്. ലഹരി മരുന്ന് കേസിൽ ജയിലിൽ ആയ ഒരാൾ സ്മാർട് കാർഡ് അധിഷ്ഠിത ഫോൺ വിളിയിൽ പതിവായി കാൾ ഡൈവേർഷൻ വഴി ലഹരി സംഘങ്ങളുമായി ആശയവിനിമയം നടത്തിയാണ് കണ്ടെത്തിയിരിക്കുന്നത്. കാർഡിൽ മുൻകൂട്ടി നൽകിയിട്ടുള്ള അടുത്ത ബന്ധുക്കളായ 3 പേരെ മാത്രമേ വിളിക്കാൻ കഴിയൂ എന്നതിനാൽ ആ നമ്പറിലേക്ക് വിളിക്കുകയും കാൾ ഡൈവേർട്ടു ചെയ്തു വെച്ച് ജയിലിൽ ഇരുന്നു ലഹരി വ്യാപാരം നടത്തി വരുകയുമായിരുന്നു.
തടവുകാർ കോൾ ഡൈവേർഷൻ, കോൺഫറൻസ് കോൾ എന്നിവ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും, അനുവദിക്കപ്പെട്ട നമ്പറുകൾക്ക് പുറമേ മറ്റുള്ളവരുമായി തടവുകാർ സംസാരിക്കുന്നത് ഗുരുതരമായ സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നും ജയിൽ മേധാവി ഋഷിരാജ് സിങ് സൂപ്രണ്ടുമാർക്ക് മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. സ്മാർട് കാർഡിലുള്ള നമ്പറിലേക്കു വിളിച്ച ശേഷം ഡൈവേർഷനായി പുതിയ നമ്പർ നൽകുകയും അതിലേക്ക് കാൾ ഡൈവേർട്ടു ചെയ്യുകയുമാണ് പതിവ്.

ചിലർ ആ നമ്പറിലോ പുതിയ നമ്പർ വഴിയോ കോൺഫറൻസ് കോൾ നടത്തുകയും ചെയ്തിരുന്നു. സംഭവത്തോടെ സോഫ്റ്റ്‍വെയറിൽ മാറ്റം വേണമെന്നു ജയിൽ സൂപ്രണ്ട് അലൻ ഗ്രൂപ്പ് എന്ന കമ്പനിയോട് ആവശ്യപ്പെട്ടുണ്ട്. നാല് വർഷം മുൻപു പൂജപ്പുര ജയിലിൽ സ്ഥാപിച്ച സ്മാർട് കാർഡ് സംവിധാനം തുടർന്ന് സംസ്ഥാനത്തെ എല്ലാ സെൻട്രൽ ജയിലുകളിലും ജില്ലാ ജയിലുകളിലും നടപ്പിലാക്കുകയായിരുന്നു. ഈ ജയിലുകളിലും ഇത്തരത്തിൽ തട്ടിപ്പു നടക്കുന്നുണ്ടോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
തടവുകാർക്കു സ്മാർട് കാർഡ് ഉപയോഗിച്ചു വിളിക്കാവുന്ന 9 ഫോണുകൾ പൂജപ്പുര സെൻട്രൽ ജയിലിൽ ടവറിനു സമീപത്തെ ബ്ളോക്കിലാണ് ഉള്ളത്. ഇക്കാര്യം നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ മാത്രവും. ഒൻപത് പേർ ഒരേസമയം വിളിച്ചാൽ ഡൈവേർഷനോ കോൺഫറൻസോ നടക്കുന്നുണ്ടോയെന്ന് അറിയാൻ ഒരു മാർഗവും ഇവിടെയില്ല. മറ്റു ബ്ലോക്കുകളിലും ഓരോ സ്മാർട് ഫോണുകൾ ഉണ്ടെങ്കിലും അവിടെയൊന്നും നിരീക്ഷണവും അതിനുള്ള ആളും ഇല്ലാത്ത അവസ്ഥയാണ്.

ഇതിനിടെ സ്വർണക്കടത്തു കേസ് പ്രതികൾ തങ്ങളുടെ ഫോൺ റിക്കോർഡ് ചെയ്യുന്നുവെന്നാരോപിച്ച് ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. മറ്റു തടവുകാർ ആഴ്ചയിൽ 2 തവണ മാത്രം ഫോൺ ചെയ്യാൻ അനുമതിയുള്ളപ്പോൾ സരിത്തും റമീസും ഉൾപ്പെടെ സ്വർണക്കടത്ത് കേസിലെ പ്രതികൾ ഒന്നിടവിട്ട ദിവസം ഫോൺ ഉപയോഗിക്കുന്നു.

أحدث أقدم