പ്രതികരിക്കാതെ ജി.സുധാകരൻ; പേരു പറയാതെ വിമർശിച്ച് എ.എം.ആരിഫും




ആലപ്പുഴ ∙ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരായ വിമര്‍ശനങ്ങളോടു പ്രതികരിക്കാതെ മുൻ മന്ത്രി ജി.സുധാകരന്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തന പോരായ്മ പരിശോധിക്കാന്‍ കമ്മിഷനെ വച്ചതു കമ്മിറ്റിയിൽ റിപ്പോര്‍ട്ട് ചെയ്തു. 40 അംഗ ജില്ലാ കമ്മിറ്റിയില്‍ 35 പേര്‍ കമ്മിഷനെ സ്വാഗതം ചെയ്തു. അഞ്ചു പേർ മാത്രമാണ് സുധാകരനെ പിന്തുണച്ചത്.

ആലപ്പുഴയിൽ പാർട്ടിക്കുതന്നെ പരിഹരിക്കാവുന്ന കാര്യമായിരുന്നു ഇതെന്നും സംസ്ഥാന കമ്മിഷനെ വച്ചത് ശരിയായില്ലെന്നും ഇവർ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് അന്വേഷിക്കുന്ന എളമരം കരീമും കെ.ജെ.തോമസും അടങ്ങിയ രണ്ടംഗ കമ്മിഷൻ ഈ‌മാസം 25ന് ആലപ്പുഴയില്‍ തെളിവെടുപ്പ് നടത്തും. ഈ മാസമാദ്യം ചേര്‍ന്ന സിപിഎമ്മിന്റെ സംസ്ഥാന സമിതിയാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്.

ജി.സുധാകരന്‍ അമ്പലപ്പുഴയിലെ വിജയത്തിന് അടിസ്ഥാനമായുള്ള പ്രവര്‍ത്തനമല്ല കാഴ്ചവച്ചതെന്നുള്ള വിമര്‍ശനമുണ്ടായിരുന്നു. തുടർന്നാണ് ഇക്കാര്യം അന്വേഷിക്കാൻ രണ്ടംഗ കമ്മിഷനെ നിയമിച്ചത്. അതേസമയം, അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പരാജയത്തിലെ വീഴ്ചയിൽ സുധാകരനെ പേരു പറയാതെ വിമർശിച്ച് എ.എം.ആരിഫ് എംപിയും രംഗത്തുവന്നു. 

ആലപ്പുഴയിൽ ഏഴു മണ്ഡലങ്ങളിൽ തോൽക്കുമെന്ന് മുതിർന്ന നേതാവ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആരിഫ് ജില്ലാ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. 

أحدث أقدم