മലനാട് മലബാര്‍ റിവര്‍ ക്രൂസ് പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡി






ന്യൂഡല്‍ഹി: കേരളത്തിന്റെ ടൂറിസം പദ്ധതിയായ മലനാട് മലബാര്‍ റിവര്‍ ക്രൂസ് പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡി. കേരളത്തിലും ബിഹാറിലുമായി ഗാമീണ ടൂറിസം സര്‍ക്ക്യൂട്ട് വികസിപ്പിക്കുന്ന പദ്ധതിയിലാണ് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി 2017-18 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ 80.37കോടി രൂപ മാറ്റിവച്ചിരുന്നു.

രാജ്യത്തെ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി തീം അധിഷ്ഠിത ടൂറിസ്റ്റ് സര്‍ക്യൂട്ടുകളുടെ സംയോജിത വികസനത്തിനായി സ്വദേശ് ദര്‍ശനം പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന്, ചോദ്യത്തിന് മറുപടിയായി മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 

ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ മന്ത്രാലയം, ടൂറിസത്തിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും ഗ്രാമങ്ങളിലേക്ക് രാജ്യത്തിന് അകത്തും പുറത്തുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കണ്ണൂര്‍ ജില്ലയില്‍ കൂടി ഒഴുകുന്ന വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മയ്യഴിപ്പുഴ നദികളും കാസര്‍കോട് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായല്‍ തുടങ്ങിയ ജലാശയങ്ങളും അവയുടെ തീരപ്രദേശങ്ങളും കലാരൂപങ്ങളും, വൈവിധ്യത നിറഞ്ഞ പ്രകൃതി വിഭവങ്ങളും കാര്‍ഷിക ഭൂപ്രകൃതിയും കൂടി ചേരുന്ന ടൂറിസം പദ്ധതിയാണ് മലനാട് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതി.  

വളപട്ടണം നദിയില്‍ വളപട്ടണത്തില്‍ നിന്നാരംഭിച്ച് പറശ്ശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള മുത്തപ്പന്‍ ആന്‍ഡ് മലബാറി ക്യുസീന്‍ ക്രൂസ്, വളപട്ടണത്ത് നിന്നും തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂസ്, പഴയങ്ങാടി മുതല്‍ കുപ്പം വരെയുള്ള കണ്ടല്‍ ക്രൂസ് എന്നിവയ്ക്ക് വേണ്ടിയാണ് 80.37 കോടി രൂപ അനുവദിച്ചിരിക്കുന്നത്. 

ബോട്ട് ജെട്ടി/ ടെര്‍മിനല്‍ എന്നിവയുടെ നിര്‍മ്മാണച്ചുമതല ഇന്‍ലാന്‍ഡ് നാവിഗേഷനെയും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനചുമതല കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനുമാണ്. 


أحدث أقدم