ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌ ഭാര്യ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്






ജയ്‌പൂ‌ര്‍: കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാന്‍ ഉപയോഗിച്ച ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചു.മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ ഗംഗാപൂരിലാണ് സംഭവം.

കൊവിഡ് രോഗിയായ സുല്‍ത്താന്‍ സിംഗിന്റെ ആവശ്യത്തിനായി വാങ്ങിയ ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ചാണ് ഇദ്ദേഹത്തെ ചികിത്സിയ്‌ക്കാന്‍ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ സന്തോഷ് മീണ മരിച്ചത്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ. കഴിഞ്ഞ രണ്ട് മാസങ്ങളായി സുല്‍ത്താന്‍ സിംഗിന് കൊവിഡ് മൂലം ശ്വാസതടസമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ വാങ്ങി.

ഇദ്ദേഹത്തെ സഹായിക്കാന്‍ ഭാര്യയും സ്ഥലത്തെ ഗേള്‍സ് സ്‌കൂളിലെ ഹെഡ്‌മിസ്‌ട്രസുമായ സന്തോഷ് മീണയുമുണ്ടായിരുന്നു. ശനിയാഴ്‌ച രാവിലെ ശ്വാസതടസം മാറാന്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റ‌ര്‍ വച്ചിരുന്ന സുല്‍ത്താന്‍ മുറിയിലെ സ്വിച്ചിട്ടപ്പോള്‍ യന്ത്രം പൊട്ടിത്തെറിക്കുകയായിരുന്നു.

യന്ത്രത്തിന് ചോ‌ര്‍ച്ചയുണ്ടായിരുന്നതായും ഇതുവഴി പുറത്തുവന്ന ഓക്‌സിജന്‍ സ്വിച്ച്‌ ഓണ്‍ ചെയ്‌തപ്പോള്‍ ഉണ്ടായ സ്‌പാര്‍ക്കുമായി ചേര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശബ്‌ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ശരീരമാകെ തീപിടിച്ച സുല്‍ത്താന്‍ സിംഗിനെയും സന്തോഷ് മീണയെയുമാണ് കണ്ടത്. ഉടനെ ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റിയെങ്കിലും യാത്രാമധ്യേ മീണ മരിച്ചു. ഗുരുതരമായ പരിക്കേറ്റ സിംഗ് ജയ്‌പൂ‌രിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവര്‍ക്ക് 10ഉം 12ഉം വയസുള‌ള രണ്ട് ആണ്‍മക്കളുണ്ടെന്നും എന്നാല്‍ അപകട സമയത്ത് വീട്ടിലില്ലാത്തതിനാല്‍ അവര്‍ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. യന്ത്രം വിതരണം ചെയ്‌ത കടയുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്

Previous Post Next Post