വി എം വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കവെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍. വി എം വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ദുല്‍ഖിഫില്‍ പരിഹസിച്ചു. വോട്ടില്ലാത്തവരെ വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു സ്ഥാനാര്‍ത്ഥിത്വം കൊടുക്കാന്‍ ശ്രമിക്കുന്നുവെന്നും ദുല്‍ഖിഫില്‍ പറഞ്ഞു. എന്നാല്‍ പ്രതികരണം ചര്‍ച്ചയായതിനെത്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു.

വി പി ദുല്‍ഖിഫിലിന്റെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണരൂപം

‘തനി ഫ്യൂഡല്‍ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കന്മാരാണ് ഇന്ന് ഈ പാര്‍ട്ടിയുടെ ശാപം. അവര്‍ക്ക് ജയില്‍വാസം ഒരു വിഡ്ഢിത്തരം ആണ്, ഉപവാസത്തോടു പുച്ഛവും. ഇവര്‍ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പാര്‍ട്ടിയില്‍ ആണല്ലോ പ്രവര്‍ത്തിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ ഭയമാണ് തോന്നുന്നത്. വോട്ടില്ലാത്തവര്‍ക്ക് വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു സ്ഥാനാര്‍ത്ഥിത്വം കൊടുക്കാന്‍ ശ്രമിക്കുന്നു. തോല്‍ക്കും എന്ന് ഉറപ്പുള്ള കേസില്‍ കോടതിയില്‍ പോയി വാദിക്കുന്നു.

ലാത്തി കൊണ്ട് തല്ലു വാങ്ങിയവര്‍ക്കും ജയില്‍വാസം അനുഷ്ഠിച്ചവര്‍ക്കും വിജയ സാധ്യത കുറവുള്ള സീറ്റില്‍ പോലും അതിനേക്കാള്‍ വലിയ പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരമാണ്. ഇരുപതും മുപ്പതും വര്‍ഷം മത്സരിച്ചവര്‍ക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാന്‍ നേതൃത്വത്തിന് ഒരു മടിയുമില്ല. തങ്ങളുടെ കൂടെ നില്‍ക്കുന്നവരാണെങ്കില്‍ എന്തു തോന്നിവാസം ചെയ്താലും ഞങ്ങള്‍ സീറ്റു കൊടുക്കും, മുഖത്തുനോക്കി അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും. പ്രവര്‍ത്തകന്റെ വികാരത്തിന് അനുസരിച്ച് നില്‍ക്കുമ്പോള്‍ അതു പക്വതയില്ലാത്ത പെരുമാറ്റം ആണെന്ന് വിമര്‍ശിക്കുന്ന നേതൃത്വം വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ആളെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ എന്ത് പക്വതയാണ് കാണിച്ചത്? സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഇതിനേക്കാള്‍ ജാഗ്രത കാണിക്കും, അച്ചടക്കത്തിന്റെ വാളുമായി വരേണ്ടതില്ല ഇതിനെതിരെ പോരാടാന്‍ തന്നെയാണ് തീരുമാനം. അടികൊണ്ട എണ്ണവും ജയിലില്‍ പോയ ദിവസങ്ങളുടെ എണ്ണവും ഹരിച്ചു നോക്കിയാല്‍ അഞ്ചു ശതമാനം സീറ്റുപോലും കൊടുക്കാന്‍ നേതൃത്വം തയ്യാറായില്ല. ആ കാര്യത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണ്, സമരത്തില്‍ പങ്കെടുക്കാതെ സംഘടന പ്രവര്‍ത്തനം നടത്താതെ മറ്റു പല താത്പര്യത്തിന്റെയും പേരില്‍ വരുന്ന ചെറുപ്പക്കാരെ യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ കെട്ടിവയ്‌ക്കേണ്ട. അത് അനുവദിക്കാനും വയ്യ. മറ്റു ചിലത് പറയാനുണ്ട് ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് അതും പറയും.’

Previous Post Next Post