റോഡിൽ പൊലീസ് ഡ്യൂട്ടിക്ക് നിൽക്കുന്നത് സല്യൂട്ടടിക്കാനല്ല’; തൃശൂർ മേയർക്ക് മറുപടി


തിരുവനന്തപുരം: തന്നെ പൊലീസ് ആദരിക്കുന്നില്ലെന്നും സല്യൂട്ട് ചെയ്യുന്നില്ലെന്നുമുള്ള തൃശൂർ മേയർ എം.കെ.വർഗീസിന്റെ പരാതിക്ക് മറുപടിയുമായി പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു. സമൂഹമാധ്യമത്തിലൂടെയാണു ബിജു ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചത്. റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്പോൾ റോഡിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നില്ല എന്നാണ് ഇപ്പോൾ കണ്ട പരാതി.
ഇത്തരത്തിൽ കേരളത്തിന്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല. അവർ ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നിൽക്കുന്നവരാണെന്നാണു ബിജുവിന്റെ മറുപടി. ‌‌ഇതോടെ ഈ വിഷയം പൊലീസുകാർക്കിടയിലും ചർച്ചയായി.
പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്തും പ്രതികരിച്ചു. ‘ഒരു വ്യക്തിയോടുള്ള / പദവിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രവർത്തിയാണ് സല്യൂട്ട്. റോഡിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അതുവഴി കടന്നു പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാൻ വേണ്ടി ഉപചാരപൂർവം നിർത്തിയിരിക്കുന്നവർ അല്ല, പകരം നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും, കാൽനടയാത്രക്കാരുടെയും സുഗമമായ യാത്രയും, സുരക്ഷയും ഉറപ്പാക്കാൻ നിയോഗിച്ചവർ ആണെന്ന് എല്ലാവർക്കും അറിയാം. ട്രാഫിക് ഡ്യൂട്ടിയിൽ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥർ, അതുവഴി കടന്നുപോകുന്ന ഉന്നതരെ സല്യൂട്ട് ചെയ്യണമെന്ന് ആരും നിർബന്ധിക്കാത്തതിനു കാരണവും ഇതുതന്നെയാണ്.‌
നഗരപിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയിൽനിന്നും പൊതുജനങ്ങളും, ഉദ്യോഗസ്ഥരും ഈ കോവിഡ് മഹാമാരിയുടെ കാലത്തു പ്രതീക്ഷിക്കുന്ന / ആഗ്രഹിക്കുന്ന ചില പ്രവർത്തങ്ങൾ ഉണ്ടാകും. എന്നാൽ, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും പൊതുനിരത്തിൽ വെയിലും മഴയും പൊടിയുമേറ്റ് ജോലി നിർവഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും പ്രോട്ടോക്കോൾ പ്രകാരമുള്ള ആദരവ് നൽകണമെന്നു കാട്ടി കത്ത് അയച്ച്‌ ആദരവ് പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ സത്യത്തിൽ ആദരവ് നഷ്ടപ്പെടുന്നതു പല മഹാരഥന്മാരും അലങ്കരിച്ചിരുന്ന ആ സ്ഥാനത്തിന് തന്നെയാണ്’– പ്രശാന്ത് അഭിപ്രായപ്പെട്ടു.

നഗരപരിധിയിൽ താൻ ഔദ്യോഗിക വാഹനത്തിൽ പോകുമ്പോൾ പൊലീസുദ്യോഗസ്ഥർ കണ്ടില്ലെന്നു നടിച്ചു നിൽക്കുകയാണെന്നാണു തൃശൂർ മേയർ ഡിജിപിക്കു പരാതി നൽകിയത്. ഇക്കാര്യം പലതവണ ഡിജിപിയുൾപ്പെടെ ഓഫിസർമാരെ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇക്കാര്യത്തിൽ ഉടനെ കീഴ്ജീവനക്കാരിലേക്കു സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസറുടെ പ്രോട്ടോക്കോൾ പട്ടിക നൽകണമെന്നും ആദരിക്കേണ്ടവർക്ക് ആദരം നൽകണമെന്നുമാണു മേയറുടെ ആവശ്യം. നഗരപരിധിയിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ സല്യൂട്ട് ഉൾപ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണു വേണ്ടത് എന്ന വ്യക്തമായ നിർദേശം ഉൾപ്പെടെ സർക്കുലറായി ജീവനക്കാർക്ക് നൽകിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥരാൽ നയിക്കുന്ന സേനയാണ് കേരള പൊലീസ് എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നുവെന്നുമാണ് ബിജു വ്യക്തമാക്കുന്നത്. സർക്കാർ പരിപാടികളിൽ ഓരോരുത്തർക്കും നൽകേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വ്യവസ്ഥകൾ നിലവിലുണ്ടാകും. എന്നാൽ അത്തരം കാര്യങ്ങൾ സർക്കാർ പരിപാടികൾക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ല എന്ന് കൂടി ബിജുവിന്റെ കുറിപ്പിൽ സൂചിപ്പിക്കുന്നു.

Previous Post Next Post