പിഡബ്ല്യുഡി അധികൃതരുടെ അനാസ്ഥ യാത്രക്കാരെ വലയ്ക്കുന്നു

പാമ്പാടി: ആലാമ്പള്ളി - മാന്തുരുത്തി റോഡിൽ കൃത്യമായ ദിശാബോർഡുകൾ ഇല്ലാത്തതും, മാന്തുരുത്തി കുരിശടി ജംഗ്ഷന് സമീപം പുതുതായി സ്ഥാപിച്ച ബംപും വാഹനങ്ങളിൽ എത്തുന്നവർക്ക് ദുരിതമാവുന്നു.

മാന്തുരുത്തിയിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പരിഹാരം എന്ന നിലയിൽ പിഡബ്ലൂഡി ബംപ് സ്ഥാപിച്ചത്. എന്നാൽ അശാസ്ത്രീയമായ നിർമ്മാണം മൂലം ബംപ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന നിലയിലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 

ഇവിടെ ഇത്തരമൊരു ബംപ് ഉള്ളതായി ഒരു സൂചനകളും നൽകിയിട്ടില്ല. ഇത്, ഈ വഴിയെക്കുറിച്ച് പരിചിതമല്ലാത്ത വാഹനയാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പലപ്പോഴും ബoപിൽ കയറി വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാഹചര്യവും വർദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ. ഇത് ഒഴിവാക്കാൻ അടിയന്തിരമായി മുന്നറിയിപ്പ് സംവിധാനം ക്രമീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

പിഡബ്ലൂഡി പാമ്പാടി - കറുകച്ചാൽ ഡിവിഷനുകളുടെ അതിർത്തിയിലാണ് ബംപ് സ്ഥാപിതമായിട്ടുള്ളത്. മുന്നറിയിപ്പ് സൂചന സ്ഥാപിക്കേണ്ടത് കറുകച്ചാൽ പിഡബ്ലിഡി ആണെന്നാണ് പരാതിപ്പെട്ടവർക്ക് പാമ്പാടി ഓഫീസിൽ നിന്ന് കിട്ടിയ മറുപടി.

ഇതിന് പുറമെ ആലാമ്പള്ളി മുതൽ മാന്തുരുത്തി വരെ ആലാമ്പള്ളി, ഇലക്കൊടിഞ്ഞി, കുറ്റിക്കൽ, മാന്തുരുത്തി കുരിശടി തുടങ്ങിയിടങ്ങളിൽ കൃത്യമായ ദിശാ ബോർഡുകളും നിലവിലില്ല. ഇതും പരിചിതരല്ലാത്ത വാഹന യാത്രികർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ . 

ആലാമ്പള്ളിയിൽ നിന്ന് മാന്തുരുത്തി വരെ റോഡ് പാമ്പാടി ഓഫീസിൻ്റെ പരിധിയിൽ വരുന്നതാണ്. പൊതുമരാത്ത് വകുപ്പിൻ്റെ ശ്രദ്ധ ഇക്കാര്യത്തിൽ അടിയന്തിരമായി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Previous Post Next Post