ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: 4 പ്രതികൾക്ക് മുൻകൂർ ജാമ്യം




കൊച്ചി∙ ഐഎസ്ആർഒ ചാരക്കേസ് ഗൂഡാലോനയായിരുന്നെന്ന സിബിഐയുടെ കേസിൽ പ്രതികൾക്കു മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്റലി‍ജൻസ് ബ്യൂറോ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാർ, കേസിലെ ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗാദത്ത്, 11ാം പ്രതി ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി വിധി.
അടുത്ത ദിവസം വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ഇന്നു കേസ് പരിഗണിക്കുമ്പോൾ ഒറ്റവരിയിൽ വിധി പ്രസ്താവം നടത്തുകയായിരുന്നു. അശോക് മേനോന്റെ അവസാന വിധിപ്രസ്താവമാണ് ഇതെന്നതും ശ്രദ്ധേയമാണ്. ഐഎസ്ആർഒ ചാരക്കേസിനു പിന്നിൽ രാജ്യാന്തര ഗൂഡാലോചനയായിരുന്നെന്നും രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കുന്നതിനു പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമുള്ള സിബിഐ വാദം തള്ളിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി ഇവരുടെ അറസ്റ്റ് ഇടക്കാലത്തേയ്ക്കു തടഞ്ഞിരുന്നു. അറസ്റ്റു ചെയ്യുന്ന സാഹചര്യമുണ്ടായാൽ ജാമ്യത്തിൽ വിടണമെന്ന നിർദേശത്തോടെയായിരുന്നു വിധി. ഐഎസ്ആർഒ ചാരക്കേസിൽ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണം നടത്തുക മാത്രമാണ് ചെയ്തത് എന്നായിരുന്നു പ്രതികൾ കോടതിയിൽ വാദിച്ചത്. പ്രായമായെന്നും ഔദ്യോഗിക കൃത്യനിർവഹണം നടത്തിയതിന്റെ പേരിൽ വാർധക്യത്തിൽ ജയിലിലേക്ക് അയയ്ക്കരുതെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
അതേസമയം ചാരക്കേസിൽ പ്രതിയായിരുന്ന നമ്പി നാരയാണനെ കുറ്റവിമുക്തമാക്കിയതിനു പിന്നിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ട് എന്നും പ്രതികൾ വാദിച്ചു. സിബിഐ ഡിഐജിയായിരുന്ന രാജ്നാഥ് കൗൺ, മുൻ ഡിജിപി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവ എന്നിവരുമായി നമ്പി നാരായണൻ നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങൾ സമർപ്പിച്ചുകൊണ്ടായിരുന്നു കോടതിയിൽ ഈ വാദം ഉയർത്തിയത്.


أحدث أقدم