സ്വയം രൂപകല്‍പന ചെയ്ത ഹെലികോപ്റ്ററിന്റെ ബ്ലേഡ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം


മുംബൈ/ സ്വയം നിര്‍മിച്ച ഹെലികോപ്റ്റര്‍ പറത്താനുള്ള ശ്രമത്തിനിടെ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമത്തിലെ ഷെയിഖ് ഇസ്മായില്‍ എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ റോട്ടര്‍ ബ്ലേഡ് പൊട്ടിത്തെറിച്ച് കഴുത്തില്‍ തുളച്ചുകയറിയാണ് അന്ത്യം സംഭവിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ തന്റെ സ്വപ്‌ന നിര്‍മിതി പൊതുജനങ്ങളെ കാണിക്കാനിരിക്കെയാണ് യുവാവിന്റെ അന്ത്യം സംഭവിച്ചത്.
ഷെയ്ഖ് ഇസ്മായില്‍ വെല്‍ഡിങ് കടയിലെ ജോലിക്കാരനാണ്. എട്ടാം ക്ലാസ് വരെയാണ് ഇസ്മായില്‍ പഠിച്ചത്. യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ഹെലികോപ്റ്റര്‍ നിര്‍മാണം പഠിച്ചെടുത്തത്. തന്റെ ഗ്രാമത്തിന് പ്രശസ്തി ലഭിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടത്. മുന്ന ഹെലികോപ്റ്റര്‍ എന്നായിരുന്നു ഇസ്മായില്‍ ഇതിന് പേര് നല്‍കിയിരുന്നത്. സ്റ്റീല്‍ പെപ്പുകള്‍ വെല്‍ഡ് ചെയ്തായിരുന്നു ഹെലികോപ്റ്ററിന്റെ ബോഡി നിര്‍മിച്ചത്. മാരുതി 800 കാറിന്റെ എന്‍ജിനാണ് ഹെലികോപ്ടറിന് ഉപയോഗിച്ചത്.
ഏകദേശം രണ്ട് വര്‍ഷത്തോളമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പരീക്ഷണ പറക്കലിനുള്ള ശ്രമം യുവാവിന്റെ ജീവന്‍ നഷ്ടപ്പെടുന്ന നിലയാക്കുകയായിരുന്നു. എന്‍ജിന്‍ ഓണ്‍ ചെയ്തതിന് പിന്നാലെ ഹെലികോപ്റ്ററിന്റെ പിന്‍വശത്തെ ചെറിയ റോട്ടര്‍ ബ്ലേഡ് പൊട്ടി മുകളിലുള്ള വലിയ റോട്ടര്‍ ബ്ലോഡില്‍ പതിക്കുകയും ഈ ബ്ലേഡുകളില്‍ ഒന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന ഇസ്മയിലിന്റെ കഴുത്തില്‍ തുളച്ചുകയറുയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


أحدث أقدم