രക്ഷാബന്ധൻ ദിനത്തിൽ മൂർഖൻ പാമ്പിന് രാഖി കെട്ടാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റ യുവാവ് മരിച്ചു




സരൺ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ആഘോഷമാണ് രക്ഷാബന്ധൻ. സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെ സൂചകമായി മനുഷ്യർ പരസ്പരം കൈകളിൽ രാഖി കെട്ടുന്നു. മനുഷ്യരെക്കൂടാതെ മറ്റു സഹജീവികളെക്കൂടി സാഹോദര്യത്തോടെ കാണാനുള്ള യുവാവിന്റെ ശ്രമം ദുരന്തത്തിൽ കലാശിച്ചതിന്റെ വാർത്തയാണ് ബിഹാറിൽനിന്ന് വരുന്നത്.

സരൺ ജില്ലയിലെ മാൻജിയിൽ കഴിഞ്ഞ ദിവസമാണ് മൻമോഹൻ (25) എന്ന യുവാവ് മൂർഖന്റെ കടിയേറ്റ് മരിച്ചത്. മൂർഖന് രാഖി കെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രണ്ട് മൂർഖൻ പാമ്പുകളെ കൈയ്യിൽ പിടിച്ച് നിൽക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. മൂർഖന് രാഖി കെട്ടാൻ ശ്രമിക്കുന്നതിനിടെ പാമ്പുകളിൽ ഒന്ന് ഇയാളുടെ കാൽപാദത്തിൽ കടിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാമ്പുകളെ പിടിക്കുകയും വളർത്തുകയും ചെയ്യുന്ന ആളാണ് മൻമോഹൻ എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പാമ്പുകളെ പിടികൂടി ചികിത്സിക്കുകയും പിന്നീട് കാട്ടിൽ തുറന്നുവിടുകയും ചെയ്യാറുണ്ടായിരുന്നു. കൂടാതെ പാമ്പു കടിച്ചവരെ ഇയാൾ ചികിത്സിക്കുകയും ചെയ്തിരുന്നു.


أحدث أقدم