അന്ന് സോളാർ.. ഇന്ന് ഡോളർ.. പ്രതിക്കൂട്ടിൽ മുഖ്യമന്ത്രിമാരും

 





തിരുവനന്തപുരം :  കഴിഞ്ഞ യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് സോളാർ വിവാദമായിരുന്നു ഏറെ ചര്ച്ചയായത്. അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ വിമര്ശനങ്ങളുയരുകയും മുഖ്യമന്ത്രിക്കെതിരെ കേസിലെ പ്രതി സരിതാ നായർ മൊഴി നല്കുകയും ചെയ്തു. ഇതിന്റെ പേരിൽ അന്നു സംസ്ഥാനത്ത് നടന്ന സമരകോലാഹലങ്ങൾ ആരും മറന്നിട്ടില്ല. ഒടുവിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു അന്നത്തെ സർക്കാർ ചെയ്തത്. ഇതോടെയാണ് പ്രതിപക്ഷസമരം അവസാനിച്ചത്. 

ജുഡീഷ്യൽ അന്വേഷണ റിപ്പോര്ട്ട് ഈ സര്ക്കാരിനാണ് ലഭിച്ചത് . എന്നാൽ അന്ന് സമരത്തിൽ കാണിച്ച ഊർജ്ജമോ ഉത്സാഹമോ ജുഡീഷ്യൽ കമ്മീഷൻ റിപ്പോര്ട്ടിന്മേൽ നടപടിയെടുക്കാൻ ഈ സര്ക്കാർ കാണിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരേയും അന്ന് അന്വേഷണ വിധേയമായി ചോദ്യം ചെയ്യുകയും പുറത്താക്കുകയും ഒക്കെ ചെയ്തു. സോളാര് വിവാദം തന്നെയാണ് ഒന്നാം പിണറായി സര്ക്കാരിന് അധികാരത്തിൽ എത്തതാാൻ പ്രധാന പങ്കു വഹിച്ചതും. 

ഇപ്പോഴും കാര്യങ്ങൾ വിത്യസ്തമല്ല. സോളാർ എന്ന പേരിന് പകരം ഡോളർ എന്നാണ് പേരെന്നു മാത്രം. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയും. ഓഫീസിലുള്ളവരെ ചോദ്യം ചെയ്യുകയും സസ്‌പെന്ഡ് ചെയ്യുകയുമൊക്കെ ചെയ്തു. മൊഴി മുഖ്യമന്ത്രിക്കെതിരെയും വന്നു. ആരോപണങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പേ വന്നതാണെന്നും ജനം തള്ളിക്കളഞ്ഞതാണെന്നുമാണ് സർക്കാർ വാദം . എന്നാൽ  ഇപ്പോൾ ഈ മൊഴി തന്നെ പുറത്തു വന്നിരിക്കുകയാണ്. ശക്തമായ സമരത്തിലേയ്ക്ക് പ്രതിപക്ഷവും കടക്കുന്നില്ല. തെരഞ്ഞെടുപ്പുകളൊന്നും പടിവാതിക്കലിൽ ഇല്ലാത്തതാണോ  കാരണമെന്നറിയില്ല. 

 യുഡിഎഫിന്റെ കാലത്ത് ഉയർന്ന ആരോപണങ്ങൾക്ക് എതിരെയായിരുന്നു ജുഡീഷ്യൽ അന്വേഷണമെങ്കിൽ ഇവിടെ അന്വേഷണ ഏജൻസികൾക്ക് നേരെയാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഒരു പായ്ക്കറ്റ് നിറച്ച് നോട്ടുകെട്ടുകൾ ദുബായ് പര്യടനത്തിലായിരുന്ന മുഖ്യമന്ത്രിക്ക് കൊണ്ടുപോയി നല്കിയെന്നും മുഖ്യമന്ത്രിയുടെ നിര്‌ദ്ദേശപ്രകാരമാണ് ഡോളർ കടത്തിയതെന്നുമാണ് സ്വര്ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി.
 പ്രതിപക്ഷം ഒരു വഴിപാട് പോലെ വിഷയങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചെന്നല്ലാതെ പ്രത്യേകിച്ച് ഒരു താത്പര്യവും കാണിക്കുന്നില്ല. സോളാർ പ്രശ്‌നം കേരളത്തിൽ പ്രതിഷേധ കൊടുങ്കാറ്റായി ആഞ്ഞടിച്ചെങ്കിൽ ഡോളർ വിവാദം വഴിപാട് പ്രതിഷേധങ്ങളിൽ ഒതുങ്ങുന്നുവെന്നതാണ് യാഥാർഥ്യം. ബിജെപി യുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതിഷേധങ്ങൾ ഉയരുന്നില്ല.
Previous Post Next Post