ഇടുക്കി : വീട്ടുകാരെ പറ്റിക്കാൻ ഏലത്തോട്ടത്തിൽ ഒളിച്ചിരുന്ന 15 കാരൻ പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചത് അഞ്ച് മണിക്കൂർ. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച്ച രാവിലെയാണ് പ്രദേശത്തു നിന്നും 15 കാരനെ കാണാതായെന്ന വിവരം കമ്പംമെട്ട് പൊലീസ് അറിയുന്നത്.
തുടർന്ന് പൊലീസ് കുട്ടിയെ കണ്ടെത്താൻ വ്യാപകമായി തിരച്ചിൽ നടത്തി. ഈ സമയതത്ത് നാട്ടുകാരും സമാനമായി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോയെന്നും പരിശോധിച്ചു. വിവിധ കേന്ദ്രങ്ങളിൽ അലർട്ട് മെസേജുകളും നൽകി.
ഇതിനിടെയാണ് ഏലത്തോട്ടത്തിൽ നിന്നും 15 കാരൻ പുറത്ത് വരുന്നത്. പത്താം ക്ലാസ് വിദ്യാർഥിയായ കുട്ടി ഇതിനു മുമ്പും സമാനമായി സ്ഥലം വിട്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയെ കൗൺസിലിങ് നൽകിയ ശേഷം പൊലീസ് വിട്ടയച്ചു.