അമ്മയുടെ പ്രായം 16 വയസ്സ്, കുഞ്ഞിന് എട്ട് മാസം, പൊലീസ് അന്വേഷണം തുടങ്ങി

 


കോട്ടയം : 16 വയസുകാരിയായ അമ്മ എട്ടു മാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയില്‍. കുഞ്ഞിന് ചികിത്സ തേടിയാണ് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. 
അമ്മയുടെ പ്രായം 16 വയസാണെന്ന് ആശുപത്രിയില്‍ നല്‍കിയതിനെ തുടര്‍ന്ന് പൊലീസും ജില്ലാ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു.

തമിഴ്നാട് ഉസലാംപെട്ടി സ്വദേശിനിയാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടിയുമായി ചികിത്സ തേടിയത്. ഒരുവര്‍ഷം മുന്‍പ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് മരിച്ചെന്നും ഇവര്‍ പൊലീസിനു മൊഴിനല്‍കി.

 പെണ്‍കുട്ടിയെ ഏറ്റുമാനൂര്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രായം സംബന്ധിച്ച്‌ അന്വേഷിക്കുന്നതിനു ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രായം പരിശോധിക്കാന്‍ കഴിയുന്ന രേഖകള്‍ ലഭിച്ചില്ലെന്നും ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ കുഞ്ഞിനെ പരിചരിക്കുന്നത് ഇവര്‍ ആയതിനാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ശിശു ക്ഷേമസമിതി അധികൃതര്‍ അറിയിച്ചു. 

ബന്ധുക്കളെ കണ്ടെത്താനും രേഖകള്‍ പരിശോധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി കേസ് ഉസലാംപെട്ടി പൊലീസിനു കൈമാറുമെന്ന് ഗാന്ധിനഗര്‍ എസ്‌എച്ച്‌ഒ കെ. ഷിജി അറിയിച്ചു.

Previous Post Next Post