കോട്ടയം ∙ യാത്ര ചെയ്ത് ക്ഷീണിച്ചെങ്കിൽ വിശ്രമിക്കാനായി ജില്ലയിൽ 18 ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങൾ തുറന്നു. വൃത്തിയുള്ള ശുചിമുറികളും ആധുനിക സൗകര്യങ്ങളുമടങ്ങുന്നതാണ് ഈ കേന്ദ്രങ്ങൾ. സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ബേസിക്, സ്റ്റാൻഡേഡ്, പ്രീമിയം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇന്നലെ 6 സ്റ്റാൻഡേഡ് കേന്ദ്രങ്ങളും 12 ബേസിക് വിശ്രമകേന്ദ്രങ്ങളുമാണ് ഉദ്ഘാടനം ചെയ്തത്. പ്രീമിയം കേന്ദ്രങ്ങൾ ജില്ലയിൽ തുടങ്ങിയിട്ടില്ല.
കുടുംബശ്രീ യൂണിറ്റുകൾക്കാണ് മേൽനോട്ടച്ചുമതലയെന്നു ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഫിലിപ് ജോസഫ് പറഞ്ഞു. 127 കേന്ദ്രങ്ങളാണ് ജില്ലയിൽ വരികയെന്നും എല്ലാം ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബേസിക് വിശ്രമ കേന്ദ്രങ്ങളിൽ രണ്ടു ശുചിമുറികൾ വീതമാണുള്ളത്. സ്റ്റാൻഡേഡ് വിശ്രമകേന്ദ്രത്തിൽ 4 ശുചിമുറികളും ഉണ്ടാകും. വസ്ത്രം മാറുവാനുള്ള സൗകര്യം, വിശ്രമ സ്ഥലം, ശിശു പരിപാലനത്തിനുള്ള സൗകര്യം എന്നിവ സ്റ്റാൻഡേഡ് വിശ്രമ കേന്ദ്രങ്ങളിലുണ്ട്.
പ്രീമിയം വിശ്രമ കേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്കായി ശുചിമുറിയുമുണ്ട്. ഇതുൾപ്പെടെ 5 ശുചിമുറികളുണ്ടാകും. കുടുംബശ്രീ യൂണിറ്റുകൾക്ക് കോഫി ഷോപ്പ് തുടങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.
കോട്ടയം നാഗമ്പടം വിശ്രമകേന്ദ്രത്തിൽ ഇപ്പോൾത്തന്നെ കോഫി ഷോപ്പ് സൗകര്യമുണ്ടെങ്കിലും ഇതും സ്റ്റാൻഡേഡ് വിഭാഗത്തിലാണ് പെടുന്നതെന്ന് അധികൃതർ അറിയിച്ചു. വിശ്രമകേന്ദ്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിരക്കുകൾ തദ്ദേശ സ്ഥാപനങ്ങളാണ് നിശ്ചയിക്കുക.
സ്റ്റാൻഡേഡ് വിശ്രമകേന്ദ്രങ്ങൾ
1) കോട്ടയം നാഗമ്പടം പ്രൈവറ്റ് സ്റ്റാൻഡിനു സമീപം
2)വൈക്കം നഗരസഭാ ഓഫിസിനു സമീപം
3)മൂന്നിലവ് പഞ്ചായത്ത് പഴയ പഞ്ചായത്ത് ഓഫിസിനു സമീപം
4)ചിറക്കടവ് പഞ്ചായത്ത് പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം
5)കടനാട് പഞ്ചായത്ത് കൊല്ലപ്പള്ളി മാർക്കറ്റിനു സമീപം
6)ഈരാറ്റുപേട്ട ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം
ബേസിക് വിശ്രമകേന്ദ്രങ്ങൾ
1)കല്ലറ പഞ്ചായത്ത്
3–ാം വാർഡ് ചന്തപ്പറമ്പിന് സമീപം
2) കല്ലറ പഞ്ചായത്ത്
7–ാം വാർഡിൽ പകൽവീടിനു സമീപം
3)നീണ്ടൂർ പഞ്ചായത്ത് പ്രാവട്ടം മാർക്കറ്റിനു സമീപം
4)വെളിയന്നൂർ പഞ്ചായത്ത് 3–ാം വാർഡ് വെളിയന്നൂർ ജംക്‌ഷൻ
5)ഭരണങ്ങാനം പഞ്ചായത്ത് പഞ്ചായത്ത് ഓഫിസിനു സമീപം
6)കൊഴുവനാൽ പഞ്ചായത്ത് 12–ാം വാർഡിൽ കമ്യൂണിറ്റി ഹാളിനു സമീപം
7)പൂഞ്ഞാർ പനച്ചിക്കപ്പാറ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം
8)പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനുള്ളിൽ
9)തിടനാട് പഞ്ചായത്ത് ടൗൺ വായനശാലയ്ക്കു സമീപം
10)പാറത്തോട് പഞ്ചായത്ത് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനു സമീപം
11)എരുമേലി പഞ്ചായത്ത് പേരൂർതോട് ഭാഗം
12)എരുമേലി പഞ്ചായത്ത് ഓരുങ്കൽക്കടവ് ഭാഗം