മിൽമ വാൻഡ്രൈവർക്ക് കാർ യാത്രക്കാരുടെ ക്രൂരമർദ്ദനം;






കൊല്ലം അഞ്ചലിൽ മിൽമ വാൻഡ്രൈവർക്ക് കാർ യാത്രക്കാരായ അക്രമികളുടെ ക്രൂര മർദനം. കാർ യാത്രക്കാരായ മൂന്നുപേർ ചേർന്നാണ് കടവൂർ സ്വദേശി സജീവിനെ മർദിച്ചത്. പാൽ വിതരണ വണ്ടിയിൽ അക്രമികളുടെ കാർ തട്ടിയത് ചോദിച്ചതാണ് മർദനത്തിന് കാരണമായത്.
മനുഷ്യനെന്ന പരിഗണനപോലും നൽകാതെ സംഘം ചേർന്ന് ഒരാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കൊല്ലം അഞ്ചൽ ചന്തമുക്കിൽ ഇന്നലെ വൈകിട്ട് അഞ്ചിന് ശേഷം നടന്നതാണ്. മിൽമയുടെ പാൽവിതരണ വാനിന്റെ ഡ്രൈവർ കടവൂർ സ്വദേശി സജീവിനാണ് മർദനമേറ്റത്. കാർ യാത്രക്കാരായ മൂന്നു പേരാണ് അക്രമികൾ. പനയഞ്ചേരിയിൽ വച്ച് സജീവ് ഓടിച്ചിരുന്ന വാനിൽ അക്രമികളുടെ കാർ ഇടിച്ചിട്ട് നിർത്താതെ പോയി. പിന്നീടിതേ കാർ ചന്തമുക്കിൽ വച്ച് കണ്ടെത്തിയപ്പോൾ സജീവ് കാര്യം പറഞ്ഞു. പാൽവണ്ടിയുടെ ലൈറ്റ് തകർന്നത് കാണിച്ചു കൊടുത്തു. വണ്ടി ഇടിച്ചാൽ എന്തു ചെയ്യുമെന്ന് ചോദിച്ചായിരുന്നു അക്രമികൾ മർദിച്ചതെന്ന് സജീവ് പറയുന്നു. 
സജീവിന്റെ പരാതിയിൽ കേസെടുത്ത അഞ്ചൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പ്രകാരം പ്രതികൾക്കായി അന്വേഷണം തുടങ്ങി. അഞ്ചൽ സ്വദേശികളായ ശ്യാം, സിറാജ് എന്നിവരാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം തേവള്ളിയിലെ മിൽമ ഡയറിയിൽ നിന്ന് കവർപാൽ വിതരണത്തിനാണ് കരാർ ഡ്രൈവറായ സജീവ് അഞ്ചലിലെത്തിയത്. പരുക്കേറ്റ സജീവ് ആശുപത്രിയിൽ ചികിൽസ തേടി.



Previous Post Next Post