പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ശബരിമല ആചാര ലംഘന വിവാദം വീണ്ടും ഉയര്‍ത്തിക്കാട്ടി ബിജെപി, സംഘപരിവാര്‍ നേതാക്കള്‍. ശബരിമല ആചാര ലംഘനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. ഇക്കാലത്ത് തന്ത്രി കുടുംബത്തിന് ക്ഷേത്രത്തില്‍ അവകാശങ്ങള്‍ തള്ളി പന്തളം രാജകുടുംബത്തിന്റെതെന്ന് വ്യക്തമാക്കുന്ന ചെമ്പോല തിട്ടൂരമാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് ഇടയാവുന്നത്.
മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒന്നായിരുന്നു പന്തളം കൊട്ടാരത്തിന്റെ ചെമ്പോല തിട്ടൂരം. മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ഈ പുരാവസ്തുവും വ്യാജമാണെന്നാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്. ശബരിമലയിലെ ആചാരലംഘനത്തിന് സൈദ്ധാന്തിക ഭാഷ്യം ചമയ്ക്കാന്‍ സിപിഐഎമ്മും സര്‍ക്കാരും മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്റെ 'താളിയോല' ആണെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ഇത്തരം ഒരു നടപടി അത്യന്തം ഗൗരവതരമാണെന്നും അദ്ദേഹം ആരോപിക്കുന്നു. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുസംഘം വിലസിയത് ഉന്നതരുടെ അറിവോടെയാണെന്നുള്ളത് സംഭവഗതികളെ കൂടുതല്‍ ഗൗരവമാക്കുന്നെന്ന ആരോപണവും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ഐക്യവേദി നേതാക്കള്‍ ഉള്‍പ്പെടെ സമാനമായ ആക്ഷേപം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ശബരിമലയിലെ ആചാരങ്ങളെ കുറിച്ചും, ക്ഷേത്രവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ചുമുള്ള ആധികാരിക രേഖയാണ് പന്തളം കൊട്ടാരത്തിന്റെ രാജ മുദ്രയുള്ള ചെമ്പോല തിട്ടൂരം എന്നായിരുന്നു കണക്കാക്കപ്പെട്ടത്. നാന്നൂറ് വര്‍ത്തിലധികം പഴക്കമായിരുന്നു ഇതിന് കണക്കാക്കപ്പെട്ടിരുന്നത്.കൊല്ല വര്‍ഷം 843 ലാണ് ചെമ്പോള തിട്ടൂരം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പറയുന്നത് അനുസരിച്ച് ശബരിമലയില്‍ പൂജ നടത്തുന്നതിനും സന്നിധാനത്ത് താമസിക്കാനും അധികാരം നല്‍കിയിരിക്കുന്നത് ഈഴവ കുടുംബമായ ചീരപ്പന്‍ ചിറ കുടുംബത്തിനാണ്. മകര വിളക്ക് ഉത്സവം നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ആദിവാസി വിഭാഗമായ മലയരയ വിഭാഗത്തിനുമാണ്. ഇതില്‍ എവിടെയും ബ്രാഹ്മണ സാന്നിധ്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ടായിരുന്നില്ല,
ചർച്ച ശബരിമലയില്‍ ആചാര ലംഘനം നടന്നു എന്നാരോപിച്ച് സംഘപരിവാര്‍ സംഘടകള്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ ഈ ചെമ്പോല തിട്ടൂരം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്ത്രി കുടുംബത്തിനാണ് ശബരിമല ക്ഷേത്രത്തില്‍ സമ്പൂര്‍ണ അധികാരം എന്ന വാദത്തെ പ്രതിരോധിക്കാന്‍ മറു വിഭാഗം ഉയര്‍ത്തിക്കാട്ടിയത് ചെമ്പോല തിട്ടൂരം ഉള്‍പ്പെടെയുള്ള രേഖകളായിരുന്നു. എന്നാല്‍ മോശയുടെ അംശവടിയും, ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിന് ലഭിച്ച വെള്ളിനാണയങ്ങളും, മൈസൂര്‍ രാജാവിന്റെ സിംഹാസനവും ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിച്ച് ഉന്നതരെ ഉള്‍പ്പെടെ പറ്റിച്ച മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ഉള്ള ചെമ്പോല തിട്ടൂരത്തിന്റെ ആധികാരികതയാണ് സംഘപരിവാര്‍ നേതാക്കള്‍ ചോദ്യം ചെയ്യുന്നത്.